വാഷിംഗ്ടണ്‍: സെപ്തംബര്‍ 11 വാര്‍ഷികാചരണം അടുത്തിരിക്കെ അമേരിക്കയ്ക്ക് അല്‍ഖ്വയിദയുടെ ഭീകരാക്രമണ ഭീഷണി. ന്യൂയോര്‍ക്കും വാഷിംഗ്ടണ്‍ ഡിസിയുമാണ് ഭീകരാക്രമണ ഭീഷണിയുടെ നിഴലില്‍ ഉള്ളത്. ഇതിനെത്തുടര്‍ന്ന് അമേരിക്കയില്‍ സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദ്ദേശം നല്‍കി. ഭീകരാക്രമണ ഭീഷണി സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.

വിശ്വസനീയമെങ്കിലും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നാണു ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തയോടു യു. എസ് പ്രതികരിച്ചത്. അല്‍ ഖ്വെയ്ദയുടെ ആക്രമണങ്ങളെല്ലാം അവധി ദിനങ്ങളിലോ അനുസ്മരണ ദിനങ്ങളിലോ ആണ് നടന്നിട്ടുള്ളത് എന്നതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു.

അമേരിക്കന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിനായി മൂന്നു തീവ്രവാദികള്‍ രാജ്യത്തു നുഴഞ്ഞുകയറിയിട്ടുണ്ടെന്നു ഏതാനും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, വാടകയ്ക്കു നല്‍കുന്ന രണ്ടു ട്രക്കുകള്‍ മോഷണം പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സേനാ താവളങ്ങളിലെ സുരക്ഷ ഉയര്‍ത്താന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ നിര്‍ദേശം നല്‍കി. ആബട്ടാബാദില്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വസതിയില്‍ നിന്ന് കിട്ടിയ രേഖകളില്‍ സപ്തംബര്‍ 11ന്റെ പത്താം വാര്‍ഷികത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി. 2001 സപ്തംബര്‍ 11ന് ശേഷം ഇതുവരെ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണം നടന്നിട്ടില്ല.

ഞായറാഴ്ച ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ സപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും യു. എസ്. പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, ന്യുയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നിവര്‍ പങ്കെടുക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ ചടങ്ങില്‍ വായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.