എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ഓഹരിവിപണിയില്‍ തീവ്രവാദികള്‍ക്ക് നിക്ഷേപം: സുശീല്‍ കുമാര്‍ ഷിന്‍ഡെ
എഡിറ്റര്‍
Saturday 17th November 2012 12:05am

ബാംഗ്ലൂര്‍: ഇന്ത്യയിലെ ഓഹരി വിപണിയില്‍ തീവ്രവാദസംഘടനകള്‍ പണം നിക്ഷേപിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

ജമാഅത്തുദ്ദവ എന്ന പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ഓഹരിവിപണയില്‍ പണം നിക്ഷേപിക്കുന്നതെന്ന് രഹസ്യാനേഷണവിഭാഗത്തിന് ലഭിച്ച വിവരമെന്നും ഷിന്‍ഡെ പറഞ്ഞു.

Ads By Google

ചില പ്രമുഖ തീവ്രവാദസംഘടനകളും ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നതായി ഇന്റര്‍പോളിന്റെ റോമില്‍ നടന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ എങ്ങനെയാണ് ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാന്‍ തീവ്രവാദ സംഘടനകള്‍ മുന്നിട്ടിറങ്ങുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തീവ്രവാദവിരുദ്ധകേന്ദ്രം (എന്‍.സി.ടി.സി.) തുടങ്ങുന്നതിന് ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പുതിയ ഫോര്‍മുല എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വീണ്ടും ആലോചന നടത്തുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ നോഡല്‍ ഏജന്‍സി രൂപവത്കരിക്കും. ഇതിന്റെ കീഴില്‍ കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതിയും സ്ഥാപിക്കും. മനുഷ്യക്കടത്തുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പരസ്പരം കൈമാറും.

ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീട്ടുവീഴ്ചകള്‍ ചെയ്യുന്നുണ്ട്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഒരു ഏകീകൃതസ്വഭാവം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക്‌ പ്രത്യേക നടപടിയെടുക്കും. മനുഷ്യക്കടത്ത് തടയുന്നതിന് ഗൗരവമായ നടപടിയുണ്ടാകും. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വനിതാ ശിശുക്ഷേമമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ വെബ്‌സൈറ്റിന് രൂപംനല്‍കുമെന്നും ഷിന്‍ഡെ പറഞ്ഞു.

Advertisement