ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാലയിലെ സി.ആര്‍.പി.എഫ് ട്രെയിനിങ് സെന്ററിനുനേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ രണ്ടു സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുപേര്‍ക്ക് പരുക്കേറ്റതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സി.ആര്‍.പി.എഫിന്റെ 185 ബെറ്റാലിയനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയും വെടിവെക്കുകയുമായിരുന്നു. പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സൈന്യവും തമ്മില്‍ വെടിവെപ്പു നടക്കുകയാണ്.

പുലര്‍ച്ചെ 2.10നായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദം തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ്- ഇ-മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. ജെയ്ഷ്- ഇ-മുഹമ്മദ് നേതാവായിരുന്ന നൂര്‍ ട്രാലിയുടെ കൊലപാതകത്തില്‍ പ്രതികാരമെന്നോണമാണ് ആക്രമണമെന്നാണ് സംഘടന പറയുന്നത്.


Also Read: ജനവരി 30 ആചരിക്കേണ്ട ഗാന്ധിജിയുടെ രക്തസാക്ഷിദിനം ഡിസംബര്‍ 30 ന് ആചരിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി; ആനമണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ


 

കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സമാനമായ സംഭവത്തില്‍ എട്ടു സുരക്ഷാ ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുല്‍വാലയിലെ ജില്ലാ പൊലീസ് കൊംപ്ലെക്‌സിനുനേരെയായിരുന്നു അന്ന് ആക്രമണം നടന്നത്. 12 മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഈ ആക്രമണത്തിനുശേഷം ശ്രീനഗര്‍- ജമ്മു ഹൈവേ അടച്ചിട്ടിരിക്കുകയാണ്.

ഡിസംബര്‍ 26ന് പുല്‍വാലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നൂര്‍ മുഹമ്മദ് ട്രാന്‍ട്രെയെന്ന നൂര്‍ ട്രാലി കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മീര്‍ മേഖലയില്‍ ജെയ്ഷ്- ഇ- മുഹമ്മദിന്റെ പ്രധാന നേതാവായിരുന്നു ട്രാലി.