എഡിറ്റര്‍
എഡിറ്റര്‍
പാക് വ്യോമസേനാ താവളത്തില്‍ തീവ്രവാദി ആക്രമണം
എഡിറ്റര്‍
Thursday 16th August 2012 9:46am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കംറ വ്യോമസേനാ താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തീവ്രവാദി ആക്രമണം. തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ നടന്ന കനത്ത വെടിവെപ്പിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വ്യോമതാവളത്തില്‍ കയറിയ ഏഴ് തീവ്രവാദികളെ കൊലപ്പെടുത്താന്‍ സാധിച്ചതായി പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Ads By Google

അഞ്ച് തീവ്രവാദികളുടെ മൃതശരീരം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഒരു ചാവേറിന്റെ മൃതദേഹവും കണ്ടെടുത്തതായാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

വ്യോമതാവളം പൂര്‍ണമായും പാക്കിസ്ഥാനി കമാന്റോകളുടെ നിയന്ത്രണത്തിലാണ്. വെടിവെപ്പ് പൂര്‍ത്തിയായശേഷം സ്ഥലത്ത് കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മിലിറ്ററി യൂണിഫോമിലെത്തിയ തീവ്രവാദികള്‍ വ്യോമസേനാ താവളത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീവ്രവാദികളെത്തിയത് യൂണിഫോമിലായിരുന്നു എന്നതുകൊണ്ട് അവര്‍ക്ക് വ്യോമസേനാ താവളത്തില്‍ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയമുയരുന്നുണ്ട്.

പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് പഞ്ചാബ് പ്രവിശ്യയിലെ കംറ വ്യോമതാവളം. ഇസ്‌ലാമാബാദില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയാണിത്. ആക്രമണത്തില്‍ നാല് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാക് വ്യോമ താവളങ്ങള്‍ ഇതിന് മുമ്പും തീവ്രവാദികള്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. 2011 മെയ് മാസത്തില്‍ കറാച്ചി വ്യോവമതാവളത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാനുമായി ബന്ധമുള്ള തീവ്രവാദികളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നില്‍.

അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് സുരക്ഷാ സൈന്യത്തിന് ജാഗ്രാതാ നിര്‍ദേശം നല്‍കി.രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement