തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേയ്ക്ക് രണ്ട് മലയാള ചിത്രങ്ങള്‍. ടി.വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭൂമിയുടെ അകാശികള്‍, ജോയ് മാത്യു ആദ്യമായി സംവിധാനം ചെയ്ത ഷട്ടര്‍ എന്നീ സിനിമകളാണ് മലയാളത്തെ പ്രതിനിധീകരിച്ച് മത്സരവിഭാഗത്തില്‍ പങ്കെടുക്കുന്നത്. മലയാള സിനിമാ വിഭാഗത്തില്‍ നിന്ന് ഏഴു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്‌.

Ads By Google

ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ, അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വ്വഹിച്ച ഈ അടുത്തകാലത്ത്, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം, ലിജിന്‍ ജോസിന്റെ ഫ്രൈഡേ, എന്നിവയാണ്  ‘മലയാള സിനിമ ഇന്ന്’ എന്ന പ്രദര്‍ശന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സംവിധായകന്‍ സിബി മലയില്‍ അധ്യക്ഷനായ ജൂറിയാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. സംവിധായകരായ മധു കൈതപ്രം, പി.പി.ഗോവിന്ദന്‍, ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസ്, ജോര്‍ജ് മാത്യു, ഭവാനി ചീരത്ത് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.

32 ചിത്രങ്ങളാണ് പ്രദര്‍ശന വിഭാഗത്തില്‍ പരിഗണനയിലുണ്ടായിരുന്നത്.  ഡിസംബര്‍ ഏഴുമതല്‍ പതിനാലുവരെയാണ് രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്.