നോട്ടിംഗഹാം: പ്രതിസന്ധിഘട്ടങ്ങളില്‍ ക്രീസിലെത്തി പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്നതില്‍ മിടുക്കനായ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ കൂടി തന്റെ ക്ലാസ്സ് തെളിയിച്ചു. ദ്രാവിഡിന്റെ മുപ്പത്തിനാലാം സെഞ്ചുറിയിലേറി ഇംഗ്ലണ്ടിനെതിരായ ടെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സാകോറായ 221 റണ്‍സിനെതിരെ ഇന്ത്യ 288 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ആതിഥേയര്‍ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. 5 റണ്‍സെടുത്ത ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് നഷ്ടമായത്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ആറ് റണ്‍സോടെ ക്യാപ്റ്റന്‍ സ്‌ട്രോസ്സും ഒന്‍പത് റണ്‍സോടെ ഇയാന്‍ ബെല്ലുമാണ് ക്രീസില്‍.

ഒരു വിക്കറ്റിന് 24 റണ്‍സെന്ന നിലയില്‍ രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങവേ സ്റ്റുവര്‍ട്ട് ബ്രോഡിലൂടെ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസം അര്‍ദ്ധസസെഞ്ചുറിയോടെ ഇംഗ്ലണ്ട് സ്‌കോര്‍ ഇരുന്നൂറ് കടത്തിയ ബ്രോഡ് ബോളു കൊണ്ടും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഹാട്രിക്കടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രോഡാണ് ഇന്ത്യന്‍ സ്‌കോര്‍ 288 ലൊതുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

ബൗളര്‍മാരുടെ മികവില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ശേഷം ബാറ്റിംഗ് തിടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍ മുകുന്ദിന്റെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസിലെത്തിയ ലക്ഷമണ്‍ ദ്രാവിഡിനോടൊത്തു ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നീക്കി. എന്നാല്‍ ഉച്ചഭക്ഷണത്തിന് തൊട്ട് മുന്‍പ് അര്‍ദ്ധസെഞ്ച്വറി തികച്ചയുടന്‍ ലക്ഷമണിന്റെ വിക്കറ്റ് നഷടമായി. 54 റണ്‍സെടുത്ത ലക്ഷമണിനെ ബ്രസ്‌നെന്‍ പുറത്താക്കി. പിന്നീടെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ 16 റണ്‍സെടുത്ത് ഒരിക്കല്‍ക്കൂടി ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച്ു മടങ്ങി. തുടര്‍ന്നെത്തിയ റെയ്‌ന(16) ആന്‍ഡേഴ്‌സന്റെ പന്തില്‍ പുരത്തായതോടെ ഇന്ത്യ നാലിന് 267 റണ്‍സെന്ന നിലയിലായി.

തുടര്‍ന്ന് വന്ന യുവരാജ് ദ്രാവിഡിന് പറ്റിയ പങ്കാളിയായി. എന്നാല്‍ അര്‍ദ്ധസെഞ്ച്വറി തുകച്ച യുവരാജ് പുറത്താതോടെ ഇന്ത്യ തകരുകയായിരുന്നു. സ്‌കോര്‍ 267ല്‍ നില്‌ക്കെ ബ്രോഡിന്റെ പന്ത് എഡ്ജു ചെയ്തത് കീപ്പര്‍ പ്രയര്‍ കൈകളിലൊതുക്കുകയായിരുന്നു.

പിന്നീടെത്തിയ , ധോണി, ഹര്‍ഭജന്‍ സിംഗ്, പ്രവീണ്‍കുമാര്‍ എന്നിവരെ അടുത്തടുത്ത പന്തില്‍ പുറത്താക്കി ഹാട്രിക് നേടിയ ബ്രോഡിനു മുന്നില്‍ ഇന്ത്യന്‍ വാലറ്റം തകര്‍ന്നു. ഒമ്പതാമനായി ദ്രാവിഡും പിന്നീട് ഇഷാന്ത് ശര്‍മ്മയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിനു തിരശീല വീണു. ഇംഗ്ലണ്ടിനായി കരിയറിലെ മികച്ച പ്രകടനത്തോടെ ബ്രോഡ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സണും ബ്രസ്‌നനും രണ്ടു വിക്കറ്റ് വീതം നേടി.