ലണ്ടന്‍: ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സമൂലമാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റിന് കത്തെഴുതി.

നിലവിലെ 50-50 ഓവര്‍ സംവിധാനത്തിന് പകരമായി ടെസ്റ്റിലെപോലെ 25 ഓവറുകള്‍ വീതമുളള നാല് ഇന്നിംഗ്‌സുകള്‍ ആകാമെന്നാണ് സച്ചിന്റെ പ്രധാന നിര്‍ദ്ദേശം.

നിലവിലെ സംവിധാനത്തില്‍ ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. 25 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകളായാല്‍ ഓരോ ടീമിനും ഒന്നിടവിട്ട ഇന്നിംഗ്‌സുകളാണ് ബാറ്റ് ചെയ്യേണ്ടി വരിക. അങ്ങിനെ വരുമ്പോള്‍ ടോസിന്റെയും പിച്ചിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യം ടോസ് കിട്ടുന്ന ടീമിന് ലഭിക്കുന്നത് ഒഴിവാക്കാന്‍ കഴിയും.

പുതിയ ഫോര്‍മാറ്റില്‍ ബൗളര്‍മാരുടെ ഓവര്‍ പരിധി നാലു പേര്‍ക്കെങ്കിലും 12 ഓവറാക്കാനും സച്ചിന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിലവില്‍ ഒരു ബൗളര്‍ക്ക് 10 ഓവര്‍ ബൗള്‍ ചെയ്യാം. പവര്‍ പ്ലേയുടെ കാര്യത്തിലും മാറ്റം വേണമെന്ന് സച്ചിന്‍ നിര്‍ദ്ദേശിച്ചു. ഓരോ 25 ഓവറിലും രണ്ട് പവര്‍പ്ലെ മാത്രമേ പാടുള്ളൂ. പല ടെലിവിഷന്‍ അഭിമുഖങ്ങളിലും പുതിയ മാറ്റങ്ങളെ കുറിച്ച് മുമ്പ്  പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് സച്ചിന്‍ ഇക്കാര്യമുന്നയിച്ച് ഐ.സി.സി ചീഫിന് കത്തെഴുതുന്നത്.