എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സച്ചിന് ഇമ്രാന്‍ ഖാന്റെ ഉപദേശം
എഡിറ്റര്‍
Wednesday 12th September 2012 3:38pm

ന്യൂദല്‍ഹി: അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ ഉപദേശം. സെലക്ടര്‍മാരുടെ ദയകൊണ്ട് ടീമില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് എത്രയും വേഗം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതാണെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.

Ads By Google

സച്ചിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ക്രിക്കറ്റിനെ ഉപേക്ഷിച്ചിട്ടുണ്ടാവുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘ സച്ചിന്‍ മഹാനായ കളിക്കാരനാണ്. പക്ഷെ ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് പോകുമായിരുന്നു. സെലക്ടര്‍മാരുടെ ദയയില്‍ ടീമില്‍ കയറിക്കൂടുന്നതിനെ ഞാന്‍ ഏറ്റവും കുടുതല്‍ ഭയക്കുന്നു’ ഒരു ന്യൂസ് ചാനലിനോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സച്ചിന്‍ മഹാനായ കളിക്കാരനാണ്. ക്രിക്കറ്റുമായി അദ്ദേഹത്തിന് വൈകാരികമായി ഏറെ അടുപ്പവുമുണ്ട്. 23 വര്‍ഷമായി ഇന്ത്യന്‍ ജനത അദ്ദേഹത്തെ കാണുന്നു. സച്ചിനില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. സച്ചിനെ സംബന്ധിച്ച് ക്രിക്കറ്റില്‍ നില്‍ക്കുന്നതാണ് അദ്ദേഹത്തിന് അഭിമാനം. എന്നാല്‍ ക്രിക്കറ്റിനെ വിട്ടുപോകണമെന്ന് സച്ചിന്‍ തീരുമാനിക്കേണ്ട സമയം വരുമെന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടു.

1992ല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് നേടിയശേഷമാണ് താന്‍ വിരമിച്ചത്. സെലക്ടര്‍മാരുടെ കാരുണ്യത്തില്‍ കളിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ക്രിക്കറ്റ് ഉപേക്ഷിച്ചുപോയത്. ക്യാന്‍സര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കണമെന്ന ആഗ്രഹം മാത്രമാണ് കളിയില്‍ എന്നെ പിടിച്ചുനിര്‍ത്തിയത്. ക്രിക്കറ്റില്‍ നിന്ന് പുറത്തുപോയാല്‍ പണം സമ്പാദിക്കാനാവില്ലെന്ന് പലരും പറഞ്ഞു. താന്‍ കളിതുടര്‍ന്നതിന്റെ ഏകകാരണവും അതാണ്. ആ ലക്ഷ്യം നേടിയപ്പോള്‍ സെലക്ടര്‍മാരുടെ കാരുണ്യം കാക്കാതെ താന്‍ വിരമിക്കുകയാണ് ചെയ്തതെന്നും ഇമ്രാന്‍ തുറന്നടിച്ചു.

കരിയറില്‍ ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് സുനില്‍ ഗവാസ്‌കര്‍ വിരമിച്ചത്. അദ്ദേഹത്തോട് തനിക്ക് വലിയ ആദരവുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Advertisement