ന്യൂദല്‍ഹി: നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയ്ക്കുശേഷം വിമരിക്കുമെന്ന വാര്‍ത്തകളെ ഇന്ത്യയുടെ മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിഷേധിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ എസ്.എം.എസ് സന്ദേശത്തിലാണ് സച്ചിന്‍ വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുളള സാഹചര്യത്തില്‍ ഉടന്‍ വിരമിക്കാന്‍ ആലോചനയില്ലെന്നും സച്ചിന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതായാണ് വിവരം. രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സച്ചിനും ഉടന്‍ വിരമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഞായറാഴ്ച ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ നൂറാം സെഞ്ച്വറി നേടിയാല്‍ സച്ചിനും വിമരിക്കുമെന്നായിരുന്നു വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റില്‍ റണ്‍മഴ തീര്‍ത്ത സച്ചിന് കഴിഞ്ഞ കുറേകളികളില്‍ അധികം ശോഭിക്കാനായിരുന്നില്ല. ഇതേതുടര്‍ന്ന് ഐ.സി.സി റാങ്കില്‍ 29ാം റാങ്കിലേക്ക് സച്ചിന്‍ താഴുകയും ചെയ്തിരുന്നു. 1991ല്‍ നേടിയെ ഏറ്റവും കുറഞ്ഞ റാങ്കായ 31ന് രണ്ട് സ്ഥാനം മുകളിലാണ് സച്ചിനിപ്പോള്‍ നില്‍ക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ ലോകകപ്പിനുശേഷം സച്ചിന്റെ സ്‌കോര്‍ മൂന്നക്കം കടന്നിട്ടില്ല.

Malayalam news
Kerala news in English