ന്യൂദല്‍ഹി: സച്ചിന്റെ നൂറാം സെഞ്ചുറിയും പ്രതീക്ഷിച്ചിരിക്കുന്ന ആരാധക ലക്ഷങ്ങളെ നിരാശരാക്കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങി. കാല്‍പാദത്തിനേറ്റ പരിക്ക് ഭേദമാകാത്തതിനെതുടര്‍ന്നാണ് സച്ചിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

സച്ചിന്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാലാഴ്ച സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അതിനാല്‍ സച്ചിന് വിശ്രമം അനുവദിക്കുകയാണെന്നും തീരുമാനം അറിയിച്ച് ടീം മാനേജര്‍ ശിവ്‌ലാല്‍ യാദവ് അറിയിച്ചു.
കുറച്ച് കാലമായി കാലിലെ പരിക്ക് സച്ചിനെ അലട്ടാന്‍ തുടങ്ങിയിട്ട്. ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ ഏകദിനത്തിനു മുമ്പായി പരുക്ക് കൂടുതല്‍ വഷളാവുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ നിന്ന് വിട്ട് നിന്ന് സച്ചിന്‍ ഡോക്ടര്‍മാരുടെ ചികിത്സ തേടുകയായിരുന്നു. പരമ്പരയ്ക്ക് പുറമേ സെപ്റ്റബര്‍ 19 മുതല്‍ ഒക്ടോബര്‍ 9 വരെ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യും സച്ചിനു നഷ്ടമാകും. ടൂര്‍ണ്ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് സച്ചിന്‍.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറക്കാന്‍ ആഗ്രഹിക്കുന്ന പരമ്പരയായി മാറുകയാണ് ഇംഗ്ലണ്ട് ടൂര്‍. ടെസ്റ്റില്‍ 4-0 എന്ന സമ്പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ഇന്ത്യ ഏക ടി-20 മത്സരവും ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവെച്ചിരുന്നു. കൂടാതെ പരമ്പരക്കിടെ പരിക്കേറ്റ് ഇതിനകം ഏഴ് പേരാണ് ഇന്ത്യയിലേക്ക് വണ്ടി കയറിയത്.

വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മ്മ, യുവരാജ് സിംഗ് എന്നിവരാണ് പരിക്ക് മൂലം നേരത്തെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം ഏകദിനം ചൊവ്വാഴ്ചയാണ്.