സിഡ്‌നി: നൂറാം സെഞ്ച്വറിക്കരികില്‍ നില്‍ക്കുന്ന സച്ചിന്റെ ആത്മവിശ്വാസത്തിനുനേരേ പുതിയ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ രംഗത്തു വന്നു. ‘ഫിയേഴ്‌സ് ഫോക്കസ്’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ചാപ്പലിന്റെ വിമര്‍ശനം. മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ട് സച്ചിന്‍ പലപ്പോഴും തന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് പുസ്തകത്തില്‍ ചാപ്പല്‍ പറയുന്നുണ്ട്.

മാനസികമായി ദുര്‍ബലനായി സച്ചിനെ പലപ്പോഴും താന്‍ കണ്ടിട്ടുണ്ട്. ഞാന്‍ പരിശീലകനായ കാലത്ത് ഫോമിനെക്കുറിച്ചോര്‍ത്ത് സചിന്‍ മിക്കപ്പോഴും കടുത്ത ആശങ്കയിലായിരുന്നു. ഫോമില്ലായ്മയ്ക്ക് പുറമേ ടെന്നിസ് എല്‍ബോ അലട്ടിയിരുന്ന സചിന്‍ ഫോം വീണ്ടെടുക്കാന്‍ എന്റെ സഹായം തേടിയിരുന്നു-ചാപ്പല്‍ പറയുന്നു.

Subscribe Us:

കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്തുകയും അവരുമായി കുറച്ചുസമയമെങ്കിലും ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ മാനസിക സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെടാമെന്ന് താന്‍ സച്ചിനെ ഉപദേശിച്ചിതായും അതിന് സചിന്റെ മറുപടി ‘ഇന്ത്യയില്‍ താങ്കള്‍ക്കുള്ള അത്രപോലും സുഹൃത്തുക്കള്‍ തനിക്കില്ല’ എന്നും ചാപ്പല്‍ എഴുതിയിട്ടുണ്ട്.

സച്ചിന്റെ ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണം, അദ്ദേഹത്തിന്റെ മേല്‍ അര്‍പ്പിച്ച പ്രതീക്ഷകളുടെ ഭാരമായിരുന്നു എന്ന് ചാപ്പല്‍ പറയുന്നുണ്ട്. ബ്രാഡ്മാനോടൊപ്പമാണ് സച്ചിനെ പലരും താരതമ്യപ്പെടുത്തുന്നത്. എന്നാല്‍, ബ്രാഡ്മാന്‍ പോലും അദ്ദേഹത്തിന്റെ കാലത്ത് സച്ചിന്‍ നേരിട്ട അത്രയും പ്രതീക്ഷകളുടെ ഭാരം ചുമക്കേണ്ടി വന്നിട്ടില്ലെന്നും ചാപ്പല്‍ പറയുന്നു.

തന്റെ പന്തുകള്‍ നേരിടാന്‍ സച്ചിന് ഭയമായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍ തന്റെ ആത്മകഥയില്‍ എഴുതിയത് അടുത്തിടെ വിവാദമായിരുന്നു.

സച്ചിന്റെ റെക്കോഡുകളുടെ പിന്നാലെ നടക്കാതെ പുതിയ കളിക്കാരെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന് മുമ്പ് കപില്‍ ദേവ് പറഞ്ഞിരുന്നു.