ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളെ പരിക്ക് വിടാതെ പിന്‍തുടരുകയാണ്. ബാറ്റിംങ് ഇതിഹാസം സച്ചിനാണ് പരുക്കിന്റെ പിടിയിലായവരില്‍ അവസാനത്തെയാള്‍. കാല്‍വിരലുകള്‍ക്ക് പരിക്കേറ്റ് സച്ചിന്‍ ഇംഗ്ലണ്ട് പരമ്പരയിലെ ഏകദിന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.

കാലിനേറ്റ പരിക്ക് സച്ചിനെ വലയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ ഇപ്പോള്‍ ഈ പരിക്ക് മൂര്‍ച്ഛിച്ചിരിക്കുകയാണ്. വിരലിന് ശസ്ത്രക്രിയ അനിവാര്യമായതിനാല്‍ ഞായറാഴ്ചയോ, തിങ്കളാഴ്ചയോ സച്ചിന്‍ ഡോക്ടറെ കാണുമെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

സച്ചിന്റെ നൂറാം അന്തര്‍ദേശീയ സെഞ്ച്വറി കാത്തിരിക്കുന്ന ലോകത്താകമാനമുള്ള ആരാധകരെ നിരാശരാക്കി കൊണ്ടാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ആ ചരിത്ര മുഹൂര്‍ത്തത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.

പര്യടനത്തില്‍ ഇതുവരെ നടന്ന മത്സരങ്ങളെല്ലാം പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിലേത് അഭിമാന പോരാട്ടമാണ്. പ്രധാന ബാറ്റ്‌സ്മാന്‍മാരായ വീരേന്ദ്ര സേവാഗ്, ഗൗതം ഗംഭീര്‍, തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ബൗളര്‍മാരായ ഇശാന്ത് ശര്‍മയും, സഹീര്‍ ഖാനും പരിക്കുകാരണം ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നതിനാല്‍ സച്ചിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരിക്കും.

കേള്‍വി പ്രശ്‌നമാണ് സേവാഗിന് പ്രശ്‌നമെങ്കില്‍ ടെസ്്‌റ്മാച്ചിനിടയില്‍ കണ്ണിനേറ്റ പരിക്കാണ് ഗംഭീറിനെ വലയ്ക്കുന്നത്.