തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പതിനഞ്ച് ലക്ഷം വരെയുള്ള നിര്‍മാണ ജോലികള്‍ ഇനി ഗുണഭോക്തൃകമ്മിറ്റികള്‍ക്ക് നേരിട്ട് നിര്‍വഹിക്കാം. എം.പി. ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മരാമത്ത് പണികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ഒഴിവാക്കി നല്‍കിയത്.

Ads By Google

തദ്ദേശ സ്ഥാപനങ്ങളില്‍ ഗുണഭോക്തൃകമ്മിറ്റിക്ക് നിശ്ചയിക്കാവുന്ന ജോലികളുടെ പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമായി നേരത്തെ ഉയര്‍ത്തിയിരുന്നു. ഏപ്രിലില്‍ നടന്ന എം.പി മാരുടെ യോഗത്തിലെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം.

പരിധി ഉയര്‍ത്തിയെങ്കിലും അഞ്ച് ലക്ഷത്തിലധികം വരുന്ന മരാമത്ത് പണികള്‍ക്ക് ടെന്‍ഡര്‍ നിര്‍ബന്ധമായതിനാല്‍ പലയിടത്തും മരാമത്ത് പണികളുടെ നിര്‍വഹണത്തില്‍ ആശങ്ക നിലനിന്നിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നിര്‍മാണ ജോലികള്‍ക്കാണ് പൊതുവേ എം.പി ഫണ്ട് വിനിയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മരാമത്ത് പണികളുടെ മേല്‍നോട്ട ചുമതലയാണ് പഞ്ചായിത്തീരാജ് നിയമപ്രകാരം ഗുണഭോക്തൃസമിതകളെ ഏല്‍പ്പിക്കുന്നത്.

ജില്ലാഭരണ കൂടത്തിനാണ് തുക വിനിയോഗത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം. എന്നാല്‍ ഗുണഭോക്തൃസമിതികള്‍ നോക്കുകുത്തിയായതും ടെന്‍ഡര്‍ ഇല്ലാതെതന്നെ കരാറുകാര്‍ പണി നടത്തുന്നതും പലയിടത്തും ആക്ഷേപത്തിന് കാരണമാകുന്നുണ്ട്.