മെക്‌സിക്കോ: പകുതി സമയത്തിന് മുമ്പ്തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും പിന്നില്‍ നിന്നും പൊരുതികയറി, ബ്രസീല്‍ രാജ്യാന്തര സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ മെക്‌സിക്കോയെ കീഴടക്കി. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ മെക്‌സിക്കോയിലെ ടോറണില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്‍ചാംപ്യന്‍മാരുടെ ജയം.

കളിതുടങ്ങി പത്താം മിനിറ്റില്‍ ബ്രസീല്‍ ഡിഫന്‍ഡറായ ഡേവിഡ് ലൂയിസ  സ്വന്തം നെറ്റിലേക്കിട്ട ഗോളില്‍ ആദ്യപകുതിയില്‍ മെക്‌സിക്കോ ആയിരുന്നു മുന്നില്‍. ഇടവേളക്ക് തൊട്ട് മുമ്പ് ഡാനിയല്‍ ആല്‍വ്‌സ് തുടര്‍ച്ചയായ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കണ്ട് മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ കിട്ടി പുറത്തായതും ബ്രസീലിന് തിരിച്ചടിയായി.

Subscribe Us:

എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതിക്കളിച്ച ബ്രസീല്‍ എണ്‍പതാം മിനിട്ടില്‍ സമനില നേടി. തന്റെ സ്വതശിദ്ധമായ കരിയിലകിക്കിലൂടെ മുന്‍ലോകഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയാണ് ബ്രസീലിനായി ആദ്യം മെക്‌സിക്കന്‍ വല ചലിപ്പിച്ചത്. 20വാര അകലെ നിന്നും റോണോ തൊടുത്ത് വിട്ട ഫ്രീകിക്ക് ഗോളിയെ കീഴടക്കി വലയെ ചുംബിക്കുകയായിരുന്നു. നാല് മിനിട്ടുകള്‍ക്ക് ശേഷം മാര്‍സലോ ബ്രസീലിനായി വിജയഗോളും നേടി.