റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ തീപിടുത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. പരിക്കേറ്റ ആറു പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

ബുധനാഴ്ച പുലര്‍ച്ചെ സൗദി സമയം നാലിനാണ് തീപിടുത്തമുണ്ടായത്. ഇവര്‍ താമസിച്ച ജനല്‍ ഇല്ലാത്ത മുറിയില്‍ തീപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനല്‍ ഇല്ലാത്തതിനാല്‍ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

അപകടത്തില്‍ ഒരു ബംഗ്ലാദേശിയും മരിച്ചിട്ടുണ്ട്. ദുര്‍ബ ജനറല്‍ ആശുപത്രി, നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.


Don’t Miss: ജിഗ്നേഷ് മെവാനിയും കനയ്യകുമാറും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍: നടപടി ഉന വാര്‍ഷികത്തിലെ ഫ്രീഡം മാര്‍ച്ച് ഭയന്ന്


തൊഴിലാളികളുടെ താമസസ്ഥലത്തെക്കുറിച്ച് ആശങ്കയറിയിച്ച സൗദി ഗവര്‍ണര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

അതിനിടെ അപകടം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ജിദ്ദയിലെ കൗണ്‍സില്‍ ജനറലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.