വാഷിംഗ്ടണ്‍:അല്‍-അദല്‍ അല്‍ഖയ്ദയുടെ താല്‍ക്കാലിക മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉസാമ ബിന്‍ ലാദന്റെ മരണത്തെത്തുടര്‍ന്നാണ് ഈജിപ്ത് പൗരനായ സെയ്ഫ് അല്‍-അദല്‍ എന്ന മുഹമ്മദ് ഇബ്രാഹിം മക്കവായി തെരഞ്ഞെടുക്കപ്പെട്ടത്. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ തീവ്രവാദ സംഘങ്ങളുമായും ഇന്റര്‍നെറ്റിലെ ജിഹാദിസ്റ്റ് ഫോറങ്ങളിലും നോമന്‍ ബന്റോമാന്‍ നടത്തിയ ആശയവിനിമയത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.വര്‍ഷങ്ങളോളം അല്‍ഖയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നോമന്‍ ബന്റോമാന്‍, ‘കില്യം’ എന്ന തീവ്രവാദവിരുദ്ധവിരുദ്ധസംഘടനയുടെ ആശയപ്രചാരകനും പ്രവര്‍ത്തകനുമാണ്.
അല്‍ഖയ്ദ ഷൂറ കൗണ്‍സിലിന്റെ ഔദ്യോഗിക തീരുമാനങ്ങളല്ല ഇതെന്നാണ് ബെന്റോമാന്‍ പറയുന്നത്.

ലാദന്റെ അടുത്ത അനുയായിയായ അയ്മന്‍ അല്‍ സവാഹിരിയായിരിക്കും അടുത്ത തലവനെന്നാണ് പൊതുവിശ്വാസം. ഈജിപ്തുകാരനായ സവാഹിരിയെ തലവനാക്കിയാല്‍ പ്രതികരണമെന്തായിരിക്കുമെന്ന് അറിയാനാണ് ഈജിപ്തുകാരനായ അല്‍-അദലിനെ താല്‍ക്കാലിക മേധാവിയായി നിയമിക്കുന്നതെന്നും ബെന്റോമാന്‍ പറയുന്നു.

1980 കളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്ത അല്‍-അദലിന്റെ നേതൃത്വത്തിലാണ് 1998 ല്‍ കെനിയയിലെ അമേരിക്കന്‍ എംബസി ആക്രമണവും നടന്നത്.

അല്‍ ഖയ്ദയില്‍ ചേരുന്നതിനു മുമ്പ് ഈജിപ്ത് സൈന്യത്തിലെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു അല്‍-അദല്‍.