എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് ദൈവത്തിനായി ബീഹാറില്‍ ക്ഷേത്രം ഉയരുന്നു
എഡിറ്റര്‍
Friday 22nd November 2013 3:53pm

sachin-temple

പാട്‌ന: ആരാധകര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വിശേഷിപ്പിക്കുന്നത് ക്രിക്കറ്റ് ദൈവമായിട്ടാണ്. എന്നാല്‍ ബീഹാറിലുള്ള ഒരു ഗ്രാമത്തിലെ ആരാധകര്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധന തുടങ്ങിക്കഴിഞ്ഞു.

സച്ചിന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് ഒരാഴ്ച തികയും മുമ്പാണ്  വ്യത്യസ്തമായ ഈ ആരാധന.

തെക്ക് പടിഞ്ഞാറന്‍ ബീഹാറിലെ കൈമൂര്‍ ജില്ലയിലുള്ള അട്ടാര്‍വാലിയ ഗ്രാമത്തിലാണ്  സച്ചിന്‍ ടെണ്ടുല്‍ക്കറിനായി അമ്പലം ഉയരുന്നത്. തലസ്ഥാനമായ പാട്‌നയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണിത്.

അഞ്ചരയടിയുള്ള സച്ചിന്റെ പൂര്‍ണകായ പ്രതിമയാണ് ഇവിടത്തെ പ്രതിഷ്ഠ. ടീം ഇന്ത്യയുടെ ഔദ്യോഗികവേഷമാണ് പ്രതിമയെ ധരിപ്പിച്ചിരിക്കുന്നത്.

പത്തടി ഉയരമുള്ള പീഠത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് 850 കിലോയാണ് ഭാരം.

എട്ടരലക്ഷം രൂപ മുതല്‍മുടക്കിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ നന്ദവാഡയിലാണ് ഇത് നിര്‍മ്മിച്ചത്.

ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരിയാണ് ഈ ഉദ്യമത്തിന് പിന്നില്‍. തിവാരിയുടെ കുടുംബസ്വത്തിലുളള 15000 ചതുരശ്ര അടി ഭൂമിയിലാണ് അമ്പലം നിര്‍മ്മിക്കുന്നത്.

ഈ അമ്പലത്തിലായിരിക്കും സച്ചിന്റെ പ്രതിമ സ്ഥാപിക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് മന്ദിര്‍ ട്രസ്റ്റ് സ്ഥാപിക്കുകയും ചെയ്തു.

നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെയും യുവരാജ് സിങ്ങിന്റെയും പ്രതിമകളും സ്ഥാപിക്കുമെന്ന് തിവാരി പറഞ്ഞു. 2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങളുടെ ചെറു പ്രതിമകളും ഉണ്ടാകും.

അമ്പലത്തിന് സമീപത്തായി സ്‌പോര്‍ട്‌സ് അക്കാദമിയും സ്‌റ്റേഡിയവും സ്ഥാപിക്കുന്നതിനായി 17 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇത് ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്നും തിവാരി പറഞ്ഞു.

അമ്പലവും അക്കാദമിയും സ്റ്റേഡിയവും ആറ് മാസത്തിനുള്ളില്‍  പൂര്‍ത്തിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

‘തെക്കന്‍ ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും ഉത്തര്‍ പ്രദേശിലെയും യുവപ്രതിഭകള്‍ക്ക് ഇവിടെ സൗജന്യമായി പരിശീലനം നല്‍കും. പഴയ കാല ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സഹായവും ഇതിനായി തേടും.’ സച്ചിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് ദൈവത്തെ പോലെ ആരാധിക്കുന്ന ലോകത്തിലെ ആദ്യ സ്ഥലമാണ് അട്ടാര്‍വാലിയയെന്ന് തിവാരി അവകാശപ്പെട്ടു.

അട്ടാര്‍വാലിയയെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ട് ഉടന്‍ തന്നെ പുതിയ റോഡ് നിര്‍മ്മിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി മിഥിലേഷ് തിവാരി, വ്യവസായിയായ രാകേഷ് കുമാര്‍, വിദ്യാഭ്യാസ വിദഗ്ധന്‍ സുധീര്‍ മിശ്ര, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, മുംബൈ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സച്ചിന്‍ ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement