ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തില്‍ കരിനിഴല്‍ പടര്‍ത്തിയ അടിയന്തിരാവസ്ഥയെക്കുറിച്ച് ഇന്ത്യക്കാര്‍ ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ അവസരമൊരുങ്ങുന്നു. സെന്‍ട്രല്‍ ഇന്‍ഫോര്‍മേഷന്‍ കമ്മീഷനിലെ അംഗമായ ശൈലേഷ് ഗാന്ധിയാണ്  ഈ ഉത്തരവിട്ടിരിക്കുന്നത്. അടിയന്തിരാസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കത്തിടപാടുകളും റിക്കാര്‍ഡുകളും കൈമാറാന്‍ പ്രസിഡന്റ് സെക്രട്ടറിയേറ്റിനോട് ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും തമ്മില്‍ നടത്തിയ കത്തിടപാടുകളും ഇതില്‍ ഉള്‍പ്പെടും. ദല്‍ഹി ആസ്ഥാനമായുള്ള ആര്‍.ടി.ഐ യൂസര്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ അപേക്ഷയിലാണ് ഗാന്ധി ഈ ഉത്തരവിട്ടിരിക്കുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ അഗര്‍വാള്‍ തന്റെ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയല്ലെങ്കില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഡോക്യുമെന്റുകള്‍ പൊതുമധ്യത്തില്‍ കൊണ്ടുവരുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗാന്ധി വ്യക്തമാക്കി. അടിയന്തിരാവസ്ഥ കാലഘട്ടം കഴിഞ്ഞിട്ട് ഏകദേശം 35 വര്‍ഷത്തോളമായി.

ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതി നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു 1975 ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ. 1975 ല്‍ അലഹബാദ് ഹൈക്കോടതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ജനാധിപത്യപ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പുവെയ്ക്കുന്നത്. പ്രസ്തുത അടിയന്തിരാവസ്ഥ 18 മാസങ്ങള്‍ നീണ്ടുനില്‍ക്കുകയും കേരളത്തിലുള്‍പ്പടെ ഇന്ത്യയിലുടനീളം അനേകം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു.

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതിരുന്ന കാലഘട്ടമായിരുന്നു അത്. പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ജനങ്ങള്‍ അപമാനിക്കപ്പെടുകയും ആവശ്യമില്ലാതെ തടവിലാക്കപ്പെടുകയും ചെയ്തു. ചെറിയ കുറ്റങ്ങള്‍ക്കുവരെ വന്‍ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്.

ജനാധിപത്യത്തിലെത്തിയ രാജ്യത്തിന്റെ യാത്രയില്‍ അടിയന്തിരാവസ്ഥയെക്കുള്ള പ്രാധാന്യം മനസ്സിലാക്കേണ്ടത് ഓരോ പൗരന്റെയും കടമയും അതിനേക്കാളുപരി അവകാശവുമാണ്. ശൈലേഷ് ഗാന്ധിയുടെ ഉത്തരവിലൂടെ ജനങ്ങള്‍ക്ക് ഇതിനൊരു അവസരം കൈവന്നിരിക്കുകയാണ്.