ജയ്പൂര്‍: മുസ്‌ലീങ്ങളെ വര്‍ഗശത്രുക്കളായി കാണാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പുസ്തകം വിതരണം ചെയ്ത് ബജ്‌രംഗദള്‍. ഹിന്ദു സ്പിരിച്യുല്‍ ആന്‍ഡ് സെര്‍വീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലഘുലേഖയും പുസ്തകവും വിതരണം ചെയ്തത്.

‘ഹൈന്ദവ ആത്മീയതയിലും പരമ്പരാഗത ഹിന്ദു ജീവിതരീതിയിലും ഊന്നിക്കൊണ്ട് സമകാലിക വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നാണ് പുസ്തകം വിശദീകരിക്കുന്നത്. സ്ത്രീ-പുരുഷ അനുമാനം, ദേശസ്‌നേഹം, പരിസ്ഥിതി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് ബജ്രംഗദളിന്റെ ക്ലാസ്. ലോക്കല്‍ ഗവര്‍മെന്റ് സ്‌കൂളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.

സമ്പന്നമായ ഹിന്ദു സംസ്‌ക്കാരത്തെ തുറന്നുകാട്ടാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നതെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍ രത്തന്‍ സിങ് പറയുന്നു.


Dont Miss‘ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി’ ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പരാതി


സ്വതന്ത്രസംഘടനയെന്നാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്.എസ്.എസ്.എഫ് അവകാശപ്പെടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ബി.ജെ.പി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് എച്ച്.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത്.

പരിപാടിയില്‍ ലൗജിഹാദ് എന്ന പേരില്‍ ലഘുലേഖകളും മാനുവലുകളും വിതരണം ചെയ്യുകയായിരുന്നു ബജ്‌രംഗദള്‍ പ്രവര്‍ത്തര്‍. ലഘുലേഖ വാങ്ങാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ പരിപാടിയില്‍ പരിപാടിയുടെ കോഡിനേറ്റര്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ലവ് ജിഹാദ് ഒരു കെണിയാണെന്ന് പറഞ്ഞുകൊണ്ടുള്ള ലഘുലേഖയില്‍ കരീന കപൂറിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

ഇസ്‌ലാം മതപരിവര്‍ത്തനമെന്നത് 1000 വര്‍ഷം പഴക്കമുള്ളതാണെന്ന് മാനുവല്‍ വിശദീകരിക്കുന്നു. ഹിന്ദു സ്ത്രീകളെ മുസ്‌ലീം യുവാക്കള്‍ കെണി വെച്ച് പിടിക്കുകയാണെന്നും സ്‌കൂളുകളിലെ സൗഹൃദം, പിന്നീട് റെസ്റ്റോറന്റുകളിലേക്കുള്ള ക്ഷണം, മൊബൈല്‍ ചാറ്റിങ്, അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഹിന്ദുപെണ്‍കുട്ടികളെ മുസ്‌ലീങ്ങള്‍ വഴിതെറ്റിക്കുന്നുവെന്നാണ് ലഘുലേഖ പറഞ്ഞുവെക്കുന്നത്.

ഇതെല്ലാം തടയാനായി രക്ഷിതാക്കള്‍ മകളുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ടെലഫോണ്‍ കോളുകളും എസ്.എം.എസുകളും പരിശോധിക്കണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നത്. ഹിന്ദു പെണ്‍കുട്ടിക്കൊപ്പം മുസ് ലീം യുവാവിനെ കണ്ടാല്‍ അവരെ കാര്യമായി ഉപദേശിക്കണമെന്ന് പറയുന്ന പുസ്തകത്തില്‍ മുസ്‌ലീങ്ങളെ തീവ്രവാദികളെന്നും കള്ളക്കടത്തുകാരെന്നും പാക്കിസ്ഥാന്‍ അനുകൂലികളും ചതിയന്‍മാര്‍ എന്നുമൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്.

ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റി വിവാഹം ചെയ്യുന്ന ഓരോ മുസ്‌ലീം യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പാരിതോഷികമായി ലഭിക്കുകയെന്ന് പരിപാടിയുടെ കോഡിനേറ്റര്‍ ചൗത് മല്‍ ഗുപ്ത പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധ നിരോധനം പേപ്പറുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നെന്നും ഹിന്ദു സ്പിരിച്വാലിറ്റി ആന്‍ഡ് സര്‍വീസ് ഫെയര്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നു. എല്ലാവരും സസ്യഭുക്കുകളാവണമെന്ന് ആഹ്വാനം ചെയ്യുന്ന പുസ്തത്തില്‍ അയോധ്യയിലെ രാമക്ഷേത്രമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സ്വപ്‌നമെന്നും അവകാശപ്പെടുന്നു.

അതേസമയം എന്താണ്‌ ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയെന്തെന്ന ചോദ്യത്തിന് ഭാവി തലമുറകള്‍ തങ്ങളുടെ വിശുദ്ധ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാന്‍ വേണ്ടിയാണെന്നായിരുന്നു സന്നദ്ധപ്രവര്‍ത്തകന്‍ ഹേംരാജു ചതുര്‍വേദിയുടെ പ്രതികരണം.