ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുടുങ്ങിയ നോര്‍വന്‍ കമ്പനിയായ ടെലിനോര്‍ ഇന്ത്യയില്‍ പുതിയ കമ്പനി രൂപവത്കരിക്കുന്നു. അടുത്ത് നടക്കുന്ന 2ജി സ്‌പെക്ട്രം പുനര്‍ലേലത്തില്‍ പങ്കെടുക്കുക ഈ കമ്പനിയായിരിക്കും. പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ടെലിനോര്‍ 74 ശതമാനം ഓഹരി പങ്കാളിത്തമാവും തേടുക.

നേരത്തെ യൂനിടെക്കുമായി ചേര്‍ന്ന് ടെലിനോര്‍ ആരംഭിച്ച ടെലികോം കമ്പനിയാണ് യൂനിനോര്‍. ഇവര്‍ തമ്മില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. പുതിയ കമ്പനി നിലവില്‍ വരുന്നതോടെ യൂനീനോറില്‍ നിന്ന് ടെലിനോര്‍ പിന്‍വാങ്ങും. യൂനീനോറിന്റെ നിലവിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുതിയ കമ്പനിയിലേക്ക് മാറ്റുമെന്നും ടെലിനോര്‍ വക്താക്കള്‍ അറിയിച്ചു.

ഇന്ത്യയില്‍ സാമ്പത്തിക നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ സേവന കമ്പനിയാണ് യൂനിനോര്‍. യൂനിനോറിന്റെ മൂല്യത്തെ സംബന്ധിച്ചാണ് ഉടമകളായ യൂനിടെക്കും ടെലിനോറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. യൂനിനോറിന്റെ മൂല്യം 600 കോടി രൂപ മാത്രമാണെന്ന് ടെലിനോര്‍ പുറത്തുവിട്ടതാണ് പോരിന് കാരണമായത്. എന്നാല്‍, 12,000 കോടി രൂപയ്ക്ക് മുകളിലാണ് യൂനിനോറിന്റെ മൂല്യമെന്ന് യൂനിടെക്ക് പറയുന്നു. യൂനിനോറില്‍ 67.25 ശതമാനം ഓഹരികളാണ് ടെലിനോറിനുള്ളത്.

വസ്തുതകള്‍ മറച്ചുവെച്ച് യൂണീടെക്ക് വഞ്ചിച്ചതിനാല്‍ ഓഹരി പങ്കാളിത്ത കാരാര്‍ ഇനി നിലനില്‍ക്കില്ലെന്ന് ടെലിനോര്‍ അവകാശപ്പെടുന്നു. 2ജി ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയതു മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ടെലിനോര്‍ യുനീടെക്കിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Malayalam News

Kerala News In English