ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ദ ടെലഗ്രാഫ് പത്രം. പതിവുപോലെ തലക്കെട്ടുകളിലൂടെയാണ് ടെലഗ്രാഫ് മോദി സര്‍ക്കാറിനെ ആക്രമിക്കുന്നത്.

ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അന്‍സാരിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ടു ചെയ്തുകൊണ്ടാണ് ടെലിഗ്രാഫിന്റെ വിമര്‍ശനം.

പശുഭക്തിയുടെ പേരില്‍ (ഇന്‍ ദ നെയിം ഓഫ് ഗോഭക്തി) എന്നാണ് രണ്ടുവാര്‍ത്തകളുടെ മുകളിലെയും കുറിപ്പ്. ‘ഗാന്ധിയുടെ ഇന്ത്യയില്‍ കൊല്ലരുത്: പ്രധാനമന്ത്രി’ എന്നാണ് മോദിയുടെ പ്രസംഗത്തിന് പത്രം നല്‍കിയ തലക്കെട്ട്. ഈ റിപ്പോര്‍ട്ടിന് എതിര്‍വശത്തായി ‘മോദിയുടെ ഇന്ത്യയില്‍ അവര്‍ വീണ്ടും കൊന്നു’ എന്ന തലക്കെട്ടില്‍ ജാര്‍ഖണ്ഡിലെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തയും.

പശുസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുള്ള ആളാണ് ഗാന്ധിജിയെന്നും എന്നാല്‍ ഗോഭക്തിയുെട പേരില്‍ ജനങ്ങളെ കൊല്ലുന്നത് ഗാന്ധിജി അംഗീകരിച്ചിരുന്നില്ലെന്നും പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചത്. പശു സംരക്ഷണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞായിരുന്നു മോദിയുടെ പരാമര്‍ശം.

മോദിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജാര്‍ഖണ്ഡില്‍ വീണ്ടും പശുവിന്റെ പേരില്‍ ഒരു മുസ്‌ലിം യുവാവ് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പശുവിന്റെ പേരിലുള്ള രാജ്യത്ത് അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പശു സംരക്ഷണത്തിനായി ബി.ജെ.പിയും അതിന്റെ പോഷകസംഘടനകളും നടത്തുന്ന പ്രചരണവും ഇതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരെ സംരക്ഷിക്കുന്ന സമീപനവുമാണ് രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന വിമര്‍ശനം ഉയര്‍ന്നുണ്ട്. ഇത്തരം ആക്രമങ്ങളെ തടയുന്നതില്‍ മോദി സര്‍ക്കാറിന്റെ വീഴ്ച തുറന്നുകാട്ടുന്നതായിരുന്നു ടെലഗ്രാഫ് തലക്കെട്ടുകള്‍.


Must Read: ‘നോട്ട് ഇന്‍ മൈ നെയിം’ പ്രതിഷേധം അന്താരാഷ്ട്ര തലത്തിലും: ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ അണിനിരന്നവരില്‍ വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരും


ദിവസങ്ങള്‍ക്കു മുമ്പ് ബീഫ് കൈവശംവെച്ചു എന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍വെച്ച് ജുനൈദ് എന്ന 16കാരനെ കൊലചെയ്ത സംഭവത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെയും ടെലഗ്രാഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹേഗില്‍ നിന്നുള്ള മോദിയുടെ ട്വീറ്റും ‘സ്വര്‍ഗത്തില്‍ നിന്ന് ജുനൈദെഴുതിയ കത്തും’ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ടെലഗ്രാഫിന്റെ വിമര്‍ശനം.
ജുനൈദ് അമ്മയെ അഭിസംബോധന ചെയ്ത് അയച്ച കത്ത് എന്ന രീതിയിലായിരുന്നു ടെലിഗ്രാഫ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. ജനക്കൂട്ടത്തിന്റെ ആക്രമണം ഭയക്കാതെ നിങ്ങള്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയട്ടെയെന്നാണ് കത്തില്‍ ജുനൈദ് പ്രത്യാശിക്കുന്നത്.
ചിത്രം കാണാം:

 

നേരത്തെയും ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘THE NASHUN’ എന്ന തലക്കെട്ടു നല്‍കിയാണ് ടെലിഗ്രാഫ് വിമര്‍ശിച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാന്‍ പിടിച്ച 93കാരന്‍ വി.എസിനെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പാര്‍ട്ടി കറിവേപ്പില പോലെ എടുത്തുകളഞ്ഞു എന്നു പറയാന്‍ ‘ബംഗാള്‍ കേരളത്തിനൊരു കാസ്‌ട്രോയെ സ്മ്മാനിക്കുന്നു എന്ന തലക്കെട്ടായിരുന്നു ടെലഗ്രാഫ് നല്‍കിയത്.