ന്യൂദല്‍ഹി: ബ്ലോഗ് ഹോസ്റ്റിംഗ് സൈറ്റുകള്‍ക്കുമേല്‍ കേന്ദ്രടെലികോം വകുപ്പ് നിയന്ത്രണം വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ തങ്ങളുടെ ബ്ലോഗില്‍ അപ്‌ഡേഷന്‍ നടത്താനൊരുങ്ങുമ്പോഴാണ് പ്രശ്‌നം മനസിലാക്കുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്ലോഗ് ഹോസ്റ്റ് ചെയ്യുന്ന മിക്കവാറും എല്ലാ സൈറ്റുകളും പ്രവര്‍ത്തനരഹിതമായിരിക്കുന്നതായി മനസിലാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ സൈറ്റുകളായ മൊബാംഗോ.കോം, ക്ലിക്ക് എ ടെല്‍.കോം എന്നിവയടക്കം പല സൈറ്റുകളും ബ്ലോക്ക് ചെയ്തതായി കണ്ടെത്തി.

എന്നാല്‍ സൈറ്റുകള്‍ ബ്ലോക്കു ചെയ്തതിന് ടെലികോം വകുപ്പ് പ്രത്യേകിച്ച് കാരണമൊന്നും നല്‍കിയിട്ടില്ല. 2006ലും കേന്ദ്രം ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നിരുന്നു. അന്ന് ബ്ലോഗിങ്ങിന് സഹായിക്കുന്ന ബ്ലോഗ്ഗര്‍.കോം ഒരാഴ്ച്ചത്തേക്കായിരുന്നു ബ്ലോക്ക് ചെയ്തത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ‘ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം’ (സി.ഇ.ആര്‍.ടി)ക്ക് നിരവധി പരാതി ലഭിച്ചിട്ടുണ്ട്. കേന്ദ്രവിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംഘടനയാണിത്. എന്നാല്‍ സംഘടനയുടെ ഭാഗത്തുനിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.