ഹൈദരാബാദ്: പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശില്‍ തെലുങ്കാനവാദികള്‍ 48 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി. തെലുങ്കാന രാഷ്ട്രം ആവശ്യപ്പെട്ട് ടി.ആര്‍.എസും പൊളിറ്റിക്കല്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ആഹ്വാനം ചെയ്ത ‘സകല ജനുല സാമ്മെ’ ( എല്ലാ വിഭാഗത്തില്‍പെട്ടവരുടേയും സമരം) ഭാഗമായാണ് സമരം.

സമരത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. തെക്കേ ഇന്ത്യയില്‍ നിന്നുവരുന്ന മിക്ക ട്രെയിനുകളും തെലുങ്കാന വഴിയാണ് പോയിരുന്നത്. അതുകൊണ്ടുതന്നെ ട്രെയിന്‍ ഗതാഗത്തെ സമരം സാരമായി ബാധിക്കും.

പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തെലുങ്കാന വാദികള്‍ കഴിഞ്ഞദിവസം റാലികളും, നിരാഹാരസമരവും നടത്തിയിരുന്നു. സ്‌ക്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല.

നിരാഹാരസമരം നടത്താനുള്ള തെലുങ്കുദേശം നേതാക്കളുടെ പദ്ധതി ടി.ആര്‍.എസും മറ്റ് തെലുങ്കാനവാദികളും തടയാന്‍ ശ്രമിച്ചത് ചില സ്ഥലങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കി. പ്രത്യേക തെലുങ്കാന രാഷ്ട്രം സംബന്ധിച്ച് ടി.ഡി.പിക്ക് വ്യക്തമായ നിലപാടില്ലെന്നാണ് ടി.ആര്‍.എസും മറ്റുള്ളവരും കുറ്റപ്പെടുത്തുന്നത്. ടി.ഡി.പി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവാണ് തെലുങ്കാന രൂപീകരണത്തില്‍ തടസമായി നിലനില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.