ന്യൂദല്‍ഹി: ഒരുമാസത്തോളമായി തുടരുന്ന തെലുങ്കാവ പ്രക്ഷോഭത്തിന് അടിയന്തിര പരിഹാരം കാണാന്‍ രാജ്യ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹയും ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മന്ത്രിമാരായ പ്രണബ്മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, ഗുലാംനബി ആസാദ് എന്നിവരുമായി ദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തി.

അതേസമയം, പ്രശ്‌നത്തില്‍ ജനഹിതമനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്നും ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി ഗുലാംനബി ആസാദും ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമാണ് ഇക്കാര്യം അറിയിച്ചത്.

Subscribe Us:

കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും തലപ്പത്തുള്ളവര്‍ കൂട്ടത്തോടെ ദല്‍ഹിയിലെത്തിയത്. അടുത്ത ദിവസങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍. എന്നാല്‍, പരമാവധി സാവകാശം തേടുകയാണ് കേന്ദ്രം. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാമെന്ന് വാഗ്ദാനം നല്‍കിയശേഷം കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

മാവോവാദികള്‍ സമരത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനെ കുഴക്കുന്നുണ്ട്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അടിയന്തര സമവായത്തിനാണ് സര്‍ക്കാറും കോണ്‍ഗ്രസ്സും ശ്രമം നടത്തുന്നത്. സംസ്ഥാന പുനസ്സംഘടനക്കായി രണ്ടാമത്തെ കമ്മീഷനുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തെലുങ്കാന സമര നേതാക്കള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

പ്രക്ഷോഭം രൂക്ഷമായതോടെ ആന്ധ്രാപ്രദേശ് വന്‍പ്രതിസന്ധിയിലായിരിക്കുകയാണ്. കല്‍ക്കരി കിട്ടാതായതോടെ താപനിലയങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ആന്ധ്രക്കു പുറമെ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് കടുത്ത വൈദ്യുതി ക്ഷാമത്തിന് ഇടയാക്കുന്നുണ്ട്.