ഹൈദരാബാദ്: പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആന്ധ്രപ്രദേശില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. പോലീസ് മുന്നറിയിപ്പ് മറികടന്ന് തെലങ്കാന പ്രക്ഷോഭകാരികള്‍ ടാങ്ക്ബുന്ദ് പ്രദേശത്ത് ഒത്തുകൂടിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

തെലങ്കാന സംസ്ഥാനരൂപീകരണത്തിന് കേന്ദ്രം മുന്‍കൈയ്യെടുക്കണമെന്നും ഇതിന് പ്രത്യേക ബില്‍ അവതരിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ സമരമുഖത്തെത്തിയത് പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നിട്ടുണ്ട്.

പ്രക്ഷോഭകാരികള്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും തെലങ്കാന അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അതിനിടെ തെലങ്കാന സംയുക്ത സമരസമിതി കണ്‍വീനര്‍ എം.കോദണ്ഡരാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി പ്രയോജനപ്പെടുത്താനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്. ടി.ആര്‍.എസ് നേതാവ് താരകരാമ റാവു, ഹരീഷ് റാവു, കോണ്‍ഗ്രസ് എം.പി കെ കേശവറാവു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കിഷന്‍ റെഡ്ഡി തുടങ്ങിയവരും പ്രക്ഷോഭരംഗത്ത് അണിനിരന്നിട്ടുണ്ട്.