ന്യൂദല്‍ഹി: തെലുങ്കാന പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാനുള്ള പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ ശ്രമം പാഴായി. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെയും പരിഗണനയ്ക്ക് ഈ വിഷയം ഉടന്‍ സമര്‍പ്പിക്കുമെന്ന് മന്‍മോഹന്‍ സിംഗ് തെലങ്കാന നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

ടി.ആര്‍.എസ്. നേതാക്കളുമായും തലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരുമായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ച കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല. തെലങ്കാന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നല്‍കിയ ആഹ്വാനം സമരനേതാക്കള്‍ തള്ളി.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ടി.ആര്‍.എസ്. നേതാവ് കെ.ചന്ദ്രശേഖരറാവു പറഞ്ഞു. പ്രശ്‌നപരിഹാരം നീളുകയാണെങ്കില്‍ മരണംവരെ ഉപവാസം നടത്തുന്ന കാര്യം ആലോചിക്കുമെന്നും ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കി.

തെലുങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നടത്തുന്ന സമരം ശക്തമാവുകയാണ്. തെലങ്കാനയിലെ പൊതുപണിമുടക്ക് 22-ാം ദിവസത്തിലേക്കു കടന്നതോടെയാണ് മന്ത്രി ജെ.ഗീത റെഡ്ഡി, കെ.ജന റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് സംഘം പ്രധാനമന്ത്രിയെ കണ്ടത്. പ്രശ്‌നപരിഹാരത്തിനു സമയക്രമം നിശ്ചയിക്കണമെന്ന നിര്‍ദേശം ഇവര്‍ പ്രധാനമന്ത്രിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.