tekkadiതേക്കടി: മരണത്തിന്റെ ആഴങ്ങളിലേക്ക 80 ഓളം പേര്‍ മുങ്ങിത്താഴുന്നത് കണ്ട് ഒരു നിമിഷം പകച്ചു നിന്നു. എന്നാല്‍ നിമിഷ നേരെ കൊണ്ട് അവര്‍ ഉണര്‍ന്നു. മരംകോച്ചുന്ന തണുപ്പുള്ള ജലാശയത്തിലേക്ക് അവര്‍ രണ്ടും കല്‍പിച്ച് എടുത്തുചാടി. രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യമായി ജലാശയത്തിലിറങ്ങിയത്. വിദേശിയും വനംവകുപ്പ് ബോട്ട് ഡ്രൈവറും ഉത്തരേന്ത്യക്കാരുമാണ്.

അപകടത്തില്‍പ്പെട്ട കെ.ടി.ഡി.സിയുടെ ജലകന്യകക്കു പിന്നാലെ കാഴ്ച കണ്ടു വരികയായിരുന്ന വനം വകുപ്പിന്റെ ബോട്ടിലുണ്ടായിരുന്നവരാണിവര്‍. മുമ്പേ പോയ ബോട്ട് അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ പണയംവച്ച് ഇറങ്ങുകയായിരുന്നു ഇവര്‍. വനംവകുപ്പിന്റെ ബോട്ടിലുണ്ടായിരുന്ന വടവും ട്യൂബുകളും ആദ്യം വെള്ളത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക് എറിഞ്ഞു കൊടുത്തത് ബോട്ട് ഡ്രൈവറാണ്. ഇതിനിടെ വെള്ളത്തില്‍ മുങ്ങി അഞ്ചിലധികം പേരെ വിദേശി രക്ഷപ്പെടുത്തിയിരുന്നു. ഒപ്പം ഉത്തരേന്ത്യക്കാരായ സഞ്ചാരികളും രക്ഷാപ്രവര്‍ത്തനത്തിന് തടാകത്തിലേക്കു ചാടി. ഇവരാണ് അപകട വിവരം പുറം ലോകത്ത് അറിയിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആദ്യം ശ്രമം നടത്തിയതും.

ജലകന്യക മുങ്ങി വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ നിമിഷം വാഹനങ്ങള്‍ ഉപേക്ഷിച്ച് മണക്കടവിലേക്ക് കുതിക്കുകയായിരുന്നു കുമളിയിലെയും തേക്കടിയിലേയും ഡ്രൈവര്‍മാര്‍. ഇവര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നദിയിലേക്ക് എടുത്തു ചാടി. രക്ഷപ്പെടുത്തിയവരമായി ഇവര്‍ തന്നെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികള്‍ എത്തിക്കാന്‍ മുന്നില്‍ നിന്നതും ഈ ഡ്രൈവര്‍മാരാണ്.