Categories

തേക്കടി ബോട്ടപകടം: 36 മരണം; തിരച്ചില്‍ തുടരുന്നു


tekkadi

തേക്കടി: തേക്കടി ജലാശയത്തില്‍ വിനോദ സഞ്ചാര ബോട്ട് അപകടത്തില്‍ പെട്ട് 36 പേര്‍ മരിച്ചതായി സ്ഥിതീകരിച്ചു.39 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 6ഓളം പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെല്ലാം കേരളത്തിന് പുറത്ത് നിന്നുള്ളവരാണെന്നാണ് സൂചന. ബോട്ടില്‍ 80 ഓളം പേരുണ്ടായിരുന്നതായാണ് സൂചനമരിച്ചവരില്‍ 13 പേര്‍ കുട്ടികളും 11 പേര്‍ സ്ത്രീകളുമാണ്. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്.

കെ.ടി.ഡി.സി യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് നാലു മണിയോടെ മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന ബോട്ട് മണക്കവല ഭാഗത്ത് വെച്ച് മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള സഞ്ചാരികളും വിദേശസഞ്ചാരികളുമാണ് കൂടുതലായും ബോട്ടിലുണ്ടായിരുന്നത്.

വന്യജീവികളെ കാണാനായി യാത്രക്കാര്‍ എല്ലാവരും ഒരു ഭാഗത്തേക്ക് ചരിഞ്ഞപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രണ്ടുമൂന്ന് ദിവസമായി അവധിയായതിനാല്‍ ഇവിടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 25 പേരെ കരക്കെത്തിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരുവശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിന്റെ ലോവര്‍ ഡെക്കിലുള്ളവരാണ് മരിച്ചവരിലേറെയും. ലേക് പാലസിന് സമീപം 70 അടിയോളം താഴ്ചയുളളടത്താണ് അപകടം ഉണ്ടായത്. ബോട്ട് ലാന്‍ഡിംഗില്‍ നിന്ന് നാലു കിലോ മീറ്റര്‍ അകലെയായിരുന്നു അപകടം.

തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരെ കാണാനില്ലെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ട്. ഇനിയും ആളുകളെ പുറക്കെടുക്കാനുണ്ടെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.

75 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് മറിഞ്ഞത്. നേവിയുടെ പ്രത്യേക സംഘം ഹെലിക്കോപ്റ്ററില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം തിരിച്ച നേവി മുങ്ങല്‍ വിദഗ്ധര്‍ തേക്കടിയിലെത്തിയിട്ടുണ്ട്.ഇന്ന് രാവിലെ നേവി തിരച്ചില്‍ ആരംഭിക്കും.

ഇടുക്കി ജില്ലയിലെ എല്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ആശുപത്രികളിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപകടത്തെക്കുറിച്ച് കൂടുതല്‍ വിവരം അറിയാന്‍ 04869222620 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ദുരന്തത്തെപ്പറ്റി മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ ചുമതല കൂടിയുള്ള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തേക്കടിയിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി.രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരും തേക്കടിയിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചനമറിയിച്ചു.

വനംവകുപ്പിന്റെ രണ്ട് സ്പീഡ് ബോട്ടുകളും പൊലീസിന്റെയും ബോട്ടുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുര്‍ഘടമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലാ കലക്ടറെ നിയോഗിച്ചു. ബോട്ട് ലാന്‍ഡിങ് സ്ഥലത്ത് എത്തിക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാണ് നിലവില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.