Categories

യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയില്ല

tekkadi-boat-accident-1തേക്കടി: മതിയായ സുരക്ഷാ സംവിധാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമില്ലാതെ നടത്തിയ ബോട്ട് ബോട്ട് യാത്രയാണ് തേക്കടിയില്‍ ദുരന്തത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അപകട സാധ്യത കൂടിയതും എന്നാല്‍ വശ്യമനോഹരവുമായ തേക്കടി ജലയാത്രക്ക് പുറപ്പെടുമ്പോള്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങളൊന്നും നല്‍കാറില്ല. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ പോലും നല്‍കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇന്നലെ കരയില്‍ വന്യ ജീവികളെ കണ്ട യാത്രക്കാര്‍ എല്ലവരും കൂടി ഒരു വശത്തേക്ക് നീങ്ങിതയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. യാത്രക്കാര്‍ ഒരു ഭാഗത്തേക്ക് നീങ്ങുമ്പോള്‍ അവരെ തടയുന്നതിനോ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനോ ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല.ബോട്ട് തിരിയുമ്പോള്‍ കരയില്‍ ആനക്കൂട്ടത്തെക്കണ്ട് വിനോദസഞ്ചാരികള്‍ ഒരുഭാഗത്തേക്ക് നീങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രികര്‍. ഇരുനിലബോട്ടുകളില്‍ ഒരുവശത്തേക്ക് യാത്രക്കാര്‍ തടിച്ചുകൂടുന്നത് അപകടസാധ്യത കൂട്ടും.

രക്ഷാപ്രവര്‍ത്തനത്തിനം വൈകിയതും ദുരന്തത്തിന്റെ ആഴം വര്‍ധിക്കാന്‍ കാരണമായി. രക്ഷാപ്രവര്‍ത്തനത്തിന് തേക്കടിയില്‍ നാമമാത്രമായ സൗകര്യമേയുള്ളൂ. വനംവകുപ്പിനു മാത്രമാണ് തേക്കടിയില്‍ സ്പീഡ് ബോട്ടുള്ളത്. മരക്കുറ്റികള്‍ നിറഞ്ഞ തേക്കടി ജലാശയത്തിലൂടെ സ്പീഡ് ബോട്ടിനു മാത്രമേ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയൂ. അപകട സ്ഥലത്തെത്താന്‍ വനംവകുപ്പിന്റെ രണ്ടു സ്പീഡ് ബോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇതു തന്നെ ആവശ്യത്തിന് ഇന്ധനമില്ലാത്തതു മൂലം അപകട സ്ഥലത്തെത്താന്‍ വൈകി.

അപകട വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ബോട്ട് വരുന്നത് കാത്ത് കരയില്‍ നില്‍ക്കേണ്ടി വന്നു. സവാരിക്കു പോയ രണ്ടു ബോട്ടുകള്‍ തിരികെ വിളിപ്പിച്ചാണ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ കൊണ്ടുപോയത്. തേക്കടിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ത്തടാകത്തില്‍ അപകടം നടന്ന സ്ഥലം കണ്ടെത്തുന്നതിനു രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടി.

ഇവിടെയെത്തുന്ന വി.ഐ.പികള്‍ക്ക് മാത്രമാണ് ലൈഫ് ജാക്കറ്റുകള്‍ നല്‍കുകയെന്ന് ആക്ഷേപമുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ട് രാവിലെ മുതല്‍ത്തന്നെ സവാരിക്കിടെ ആടിയുലഞ്ഞിരുന്നതായും രാവിലെ ബോട്ടില്‍ കയറിയവര്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.