എഡിറ്റര്‍
എഡിറ്റര്‍
ഗോവയില്‍ നിന്നും കേസ് കൈമാറ്റം ചെയ്യാന്‍ തേജ്പാല്‍ ഹൈക്കോടതിയെ സമീപിച്ചേക്കും
എഡിറ്റര്‍
Monday 25th November 2013 9:16am

tarun-tejapal

ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കൂട്ടിലായ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍  കേസ്  ഗോവയില്‍ നിന്നും കൈമാറ്റം ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന്  റിപ്പോര്‍ട്ട്.

ഗോവയില്‍ തനിക്ക് ന്യായമായ നീതി ലഭിക്കില്ലെന്ന ഭയത്താലാണ് തേജ്പാല്‍ കേസ് കൈമാറ്റം ചെയ്യാന്‍ കോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചയ്തു കഴിഞ്ഞു.

ഇതിനിടെ തെഹല്‍കയിലെ മൂന്ന് ജീവനക്കാരെ ഞായറാഴ്ച്ച ചോദ്യം ചെയ്ത ഗോവ പോലീസ് തേജ്പാലിനെ ചോദ്യം ചെയ്യാതെ മടങ്ങി. തേജ്പാലിനെ ഇതുവരെ ഗോവ പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഗോവയിലെ ഹോട്ടലില്‍ വച്ച് തേജ്പാല്‍ തന്നെ പീഡിപ്പിച്ച കാര്യം യുവപത്രപ്രവര്‍ത്തക ഉടനെ സംസാരിച്ച മൂന്ന് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച ദല്‍ഹിയിലെ ഗോവ സദനില്‍ വച്ചാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച് പരാതിയുടെ കോപ്പികള്‍ ഇവര്‍ക്കും പെണ്‍കുട്ടി ഇ-മെയില്‍ ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഷോമ ചൗധരി വിവരങ്ങള്‍ ശേഖരിക്കണമെന്ന് പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഷോമയെയും ശനിയാഴ്ച്ച പോലീസ് ചോദ്യം ചെയ്തിരുന്നു.

എട്ട് മണിക്കൂറോളമാണ് പോലീസ് ഷോമയെ ചോദ്യം ചെയ്തത്. ഷോമയും തേജ്പാലും നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍, ഷോമയുടെ മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവയുള്‍പ്പെടെ പോലീസ് ആവശ്യപ്പെട്ട രേഖകളെല്ലാം ഷോമ നല്‍കിയതായി തെഹല്‍ക അറിയിച്ചു.

ഇതിനിടെ ഇരയായ യുവതി തേജ്പാലിന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടിക്ക് സംരംക്ഷണം നല്‍കാന്‍ മുംബൈ പോലീസിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതേസമയം തേജ്പാലിനെ സംരക്ഷിക്കുന്ന നടപടിയാണ് ഷോമ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് തെഹല്‍ക സ്‌പെഷല്‍ കറസ്‌പോണ്ടന്റ് രേവതി ലോള്‍ പറഞ്ഞു. രേവതിയും കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ജയ്മജുംദാറും ഫീച്ചേഴ്‌സ് എഡിറ്റര്‍ ഷൗഗത് ദാസ് ഗുപ്തയും രാജി വച്ചതായാണ് റിപ്പോര്‍ട്ട്.

തേജ്പാലിനെതിരെ എല്ലാ തെളിവുകളും സമാഹരിക്കുകയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഡി.ഐ.ജി ഒ.പി മിശ്ര പനാജിയില്‍ പറഞ്ഞു.

Advertisement