ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാന്‍ തേജ് ബഹദൂര്‍ യാദവ്.

ജവാന്മാരുടെ ആവലാതികള്‍ എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്നും തങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നതായും തേജ് ബഹദൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിര്‍ത്തിയിലെ ജവാന്‍മാരുടെ നില വളരെ പരിതാപകരമാണ്. അവര്‍ക്ക് നല്ല ഭക്ഷണമോ സൗകര്യങ്ങളോ ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നത് എന്ന് വീഡിയോയിലൂടെ ലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ ബി.എസ്.എഫ് പിരിച്ചുവിട്ടത്.

അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു.

തേജ് ബഹദൂറിന്റെ പ്രവര്‍ത്തനം സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. വിചാരണയ്ക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ ഇയാള്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

ജനുവരി ഒമ്പതിനായിരുന്നു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നത് എന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ തേജ് ബഹദൂര്‍ പുറത്ത് വിട്ടത്. പാട്ടാളക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി വില്‍പ്പന നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് തേജ് ബഹദൂറിനെ വിചാരണ ചെയ്യാന്‍ സൈന്യം തീരുമാനിച്ചത്.

വീഡിയോ വാര്‍ത്തയായതോടെ സൈനിക മേധാവികള്‍ ഇടപെട്ട് കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് തേജിനെ മാറ്റി. വെളിപ്പെടുത്തലുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിഎസ്എഫ് തേജിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ബിഎസ്എഫ് ഇറക്കിയത്.