ഇസ്‌ലാമാബാദ്: ഹാഫിസ് സഈദിന്റെ ഭീകര സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ അനുബന്ധ സംഘടനയായ തെഹ്‌രി കി അസാദി ജമ്മുകാശ്മീരിന് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് നിരോധനം.

കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനില്‍ ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് തെഹ്‌രി കി അസാദി ജമ്മുകാശ്മീര്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഉച്ചകോടിയില്‍ തെഹ്‌രി കി അസാദി ജമ്മുകാശ്മീരിനെതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു.


Dont Miss മനുഷ്യത്വം നഷ്ടപ്പെട്ട മോദി ഭരണകൂടം എല്ലാവരേയും വിലയ്‌ക്കെടുക്കുന്നു; വര്‍ഗീയതക്കെതിരെ ജനകീയ കൂട്ടായ്മകള്‍ ഉയരണമെന്ന് ടീസ്ത സെതല്‍വാദ്

കഴിഞ്ഞ മാസം എട്ടിന് സ്‌പെയിനില്‍ നടന്ന എഫ്.എ.ടി.എഫിന്റെ യോഗത്തിന് തൊട്ടുമുന്‍പ് തെഹ്‌രി കി അസാദി ജമ്മുകാശ്മീരിനെ പാക്കിസ്ഥാന്‍ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പാക് ദേശീയ മാധ്യമമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഘടനയുടെ നിരോധനം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച ജമാഅത്തുദ്ദഅ്‌വയുടെ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ നിരവധി ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ്, തെഹ് രികി താലിബാന്‍ ഉള്‍പ്പെടെ 64 ഭീകര സംഘടനകളാണ് പാക്കിസ്ഥാന്റെ നിരോധിത പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്.

ലാഹോറില്‍ ഹാഫിസ് സഈദ് മൂന്ന് മാസത്തെ വീട്ടുതടങ്കലില്‍ ആയ ശേഷം കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കശ്മീര്‍ ദിവസ് എന്ന പേരില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ റാലികളില്‍ ജമാഅത്തുദ്ദഅ്‌വയുടെ മുന്നണി സംഘടന എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് തെഹ്‌രി കി അസാദി ജമ്മുകാശ്മീരിന് ലഭിച്ചിരുന്നത്.

2008 ല്‍ 166 പേരുടെ മരണത്തിനിരയാക്കിയ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സഈദ് വീട്ടുതടങ്കലില്‍ ആകുന്നതിന് തൊട്ടുമുന്‍പ് കാശ്മീര്‍ വിഷയം തീവ്രമായി നിലനിര്‍ത്തുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട സംഘടനയാണ് തെഹ്‌രി കി അസാദി ജമ്മുകാശ്മീര്‍.
കള്ളപ്പണം, ഭീകരതയ്ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് തെഹ്‌രി കി അസാദി ജമ്മുകാശ്മീര്‍.