Categories

തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ചിന്റെ സമന്‍സ്; അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം

tarun-tejapal

പനാജി: ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു.

കേസില്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പോലീസിന് നിര്‍ദേശം നല്‍കി.

തനിക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന തേജ്പാലിന്റെ വാദം അദ്ദേഹം തള്ളി.

ചോദ്യം ചെയ്യലിനായി പനാജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് സമന്‍സ് അയച്ചത്.

ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തേജ്പാല്‍ രാജ്യംവിട്ട് പോകാതിരിക്കാന്‍ ഗോവ പോലീസ് നോട്ടീസു പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ പോലീസ് മുംബൈയിലെത്തി ആരോപണമുന്നയിച്ച പത്രപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

ഗോവ പൊലീസ് മുംബൈയിലെത്തി പീഡനത്തിന് ഇരയായ പത്രപ്രവര്‍ത്തകയില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തിരുന്നു. ഗോവയിലെ കോടതിക്കു മുന്‍പാകെ ഹാജരായി മൊഴി നല്‍കാന്‍ യുവതി തയാറാണെന്ന് അറിയിക്കുകയും ചെയ്തു.

പീഡന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

മാനഭംഗശ്രമം തുടങ്ങിയ കേസുകളില്‍ ഇരയായ വ്യക്തി മജിസ്‌ട്രേട്ടിനു മുന്നില്‍ മൊഴി നല്‍കണം എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 164 പ്രകാരമുള്ള വ്യവസ്ഥ. പരാതിക്കാരിയുടെ ഈ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ ഗോവ പൊലീസ് തേജ്്പാലിനെ ചോദ്യം ചെയ്യുകയുള്ളൂ.

Tagged with: |