നാദാപുരം: മനുഷ്യത്വം നഷ്ടപ്പെട്ട മോദി ഭരണകൂടം എല്ലാവരേയും വിലയ്‌ക്കെടുക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. ജനാധിപത്യമേഖല പൂര്‍ണമായി കുത്തകവത്കരിച്ചിരിക്കുകയാണെന്നും മോദിയെ നിഴലുപോലെ പൂര്‍ണമായി പിന്തുണയ്ക്കുന്ന 27 ചാനലുകളാണ് രാജ്യത്തുള്ളതെന്നും ടീസ്ത വ്യക്തമാക്കി.

പത്രസ്വാതന്ത്ര്യം ഇന്ന് കേവലം വാക്കുകളായി മാറി. ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ആര്‍.എസ്.എസ്. സര്‍വ മേഖലയിലും നടത്തുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട നാളുകള്‍ അതിക്രമിച്ചിരിക്കുന്നു.


Dont Miss ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പ് നടന്നപ്പോള്‍ ചോദ്യം ചെയ്യാത്തവര്‍ ഇപ്പോഴും ചോദ്യം ചെയ്യേണ്ട’


സകലമേഖലയിലും കുത്തക വര്‍ഗീയവത്ക്കരണം നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും ടീസ്ത ആവശ്യപ്പെട്ടു. എടച്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്ന കെ.എസ്. ബിമല്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒരു ഭാഗത്ത് ഹൈന്ദവവത്കരണവും മറുഭാഗത്ത് ആഗോളവത്കരണവുമായി രാജ്യം കുത്തുപാളയെടുക്കുകയാണ്. പൊതുമുതലുകള്‍ കുത്തകകള്‍ക്ക് കൈമാറുന്ന ഘട്ടങ്ങളില്‍ പ്രതിപക്ഷം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ന്യൂനപക്ഷവിരുദ്ധ മനോഭാവം സ്ഥാപനവത്കരിച്ചിരിക്കുകയാണെന്നും രാജ്യത്ത് ജനാധിപത്യത്തിനുവേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും പിറന്ന നാടിനുവേണ്ടി അധ്വാനിക്കുന്ന കര്‍ഷകരെയും കൊലയ്ക്കുകൊടുത്ത് നമ്മുടെ രാജ്യം ദയനീയ സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയാണെന്നും അവര്‍ പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ ടി.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോയ് മാത്യു, വിധു വിന്‍സന്റ്, ജോഷി ജോസ്, അജോയ് കുമാര്‍, എം. സിജു, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.