എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന് കാണിച്ചു തന്നെ ആ ടെക്കി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇപ്പോഴും പറയുന്നു ; ആരേയും വെല്ലുവിളിക്കേണ്ട നിങ്ങള്‍ തോറ്റുപോകും
എഡിറ്റര്‍
Tuesday 18th April 2017 3:27pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് സാങ്കേതിക വിദഗ്ധനും വോട്ടിങ് മെഷീനില്‍ തിരിമറിനടത്താമെന്ന് 2010 ല്‍ തെളിയിച്ചു തന്ന ടെക്കി ഹരി കെ പ്രസാദ് രംഗത്ത്.

വോട്ടിങ് മെഷീനുകള്‍ പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കണമെന്ന് സാങ്കേതിക വിദഗ്ധരേയും ശാസ്ത്രജ്ഞരേയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളേയും വെല്ലുവിളിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയാണ് ഹരി വിമര്‍ശിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും ടെക്കികളെ വെല്ലുവിളിക്കുന്നത് സ്വയം കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും ഹരി കെ പ്രസാദ് പറയുന്നു. – ഏപ്രില്‍ 13 ന് ട്വിറ്ററിലൂടെയായിരുന്നു ഹരി കെ പ്രസാദ് നിലപാട് വ്യക്തമാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഓപ്പണ്‍ സെക്യൂരിറ്റി ഓഡിറ്റ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും ഹരി അഭിപ്രായപ്പെടുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇഷ്ടംപോലെ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെമോണ്‍സ്ടേഷനുകള്‍ നടത്തി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ വോട്ടിങ് മെഷീന്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഹരി കെ. പ്രസാദ് 2010 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇപ്പോഴും വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടത്താം എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. വോട്ട് ലഭിച്ചതിന് പിന്നാലെ ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സ്ലിപ് ലഭിക്കുന്ന വിവി പാറ്റ് സംവിധാനമില്ലാത്ത വോട്ടിങ് മെഷീനുകളില്‍ അനായാസമായി തിരിമറി നടത്താമെന്നും ഹരിപ്രസാദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയും ശിവസേനയും 


വ്യക്തമായ രൂപത്തില്‍ രസീത് നല്‍കപ്പെടാത്ത ഒരു ഇലക്ട്രോണിക് യന്ത്രവും സുരക്ഷിതമല്ലെന്ന് പരിശോധനയില്‍ തന്നെ മനസിലാക്കാം. ഇലക്ട്രോണിക്‌സ് എന്ന് പറയുന്ന എന്തിലും നമുക്ക് തിരിമറി നടത്താം. ടെക്‌നോളജിയെ കുറിച്ച് അറിയുന്ന ആര്‍ക്കും മനസിലാക്കാവുന്ന കാര്യമാണ്.

എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ വിവിപാറ്റ് സംവിധാനത്തിലൂടെ സാധിക്കും. ശരിയായ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കാമെന്നും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ടെക്കികളെ വെല്ലുവിളിക്കുന്നതിന് പകരം എന്തുകൊണ്ടാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കാന്‍ ശ്രമിക്കാത്തത്. അങ്ങനെയാണെങ്കില്‍ എല്ലാ ആരോപണങ്ങളും അതോടെ അവസാനിക്കില്ലേയെന്നും ഹരി കെ പ്രസാദ് ചോദിക്കുന്നു.

വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തി കാണിക്കാമെന്ന തന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ അത് നടത്തി കാണിക്കാനുള്ള 15 മിനുട്ട് അവര്‍ എനിക്ക് അനുവദിച്ചു തന്നില്ല. അതിന് മുന്‍പേ അവര്‍ ഇടപെട്ടു. ഇതിന് പിന്നാലെ ആര്‍ക്കും വോട്ടിങ് മെഷീനില്‍ തിരിമറി നടത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നെന്നും ഹരി കെ പ്രസാദ് പറയുന്നു. അന്നത്തെ വീഡിയോ അവരുടെ കൈവശം കാണണം. അവര്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ അത് ലോകത്തിന് മുന്‍പില്‍ കാണിക്കാത്തതെന്നും ഹരി കെ പ്രസാദ് ചോദിക്കുന്നു.

Advertisement