ഹൈദരാബാദ്: മഹീന്ദ്ര സത്യം ടെക്മഹീന്ദ്രയുമായി ലയിക്കാനുള്ള നീക്കം തര്‍ക്കത്തിലേക്ക് നീങ്ങുന്നതായി സൂചന. നീക്കം തങ്ങളുടെ താല്‍പ്പര്യത്തെ ബാധിക്കുമെന്നാരോപിച്ച് മഹീന്ദ്ര സത്യം ചെറുകിട നിക്ഷേപകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ടെക്മഹീന്ദ്രയുമായുള്ള ലയനം നിക്ഷേപകരുടെ താല്‍പ്പര്യത്തെ ഹനിക്കുമെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ലയനനീക്കം വളരെ നേരത്തേ ആണെന്നും ‘സത്യ’ ത്തിന്റെ ആദ്യ ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കവേ നിക്ഷേപകര്‍ അറിയിച്ചു.

പുതിയ ഏറ്റെടുക്കല്‍ പദ്ധതിയിലൂടെ തങ്ങളുടെ നിക്ഷേപ ഓഹരികള്‍ക്ക് അര്‍ഹമായ വില ലഭിക്കില്ലെന്നും ചെറുകിട നിക്ഷേപകര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ മഹീന്ദ്ര സത്യവുമായുള്ള ലയനത്തെക്കുറിച്ച് വ്യക്തമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ടെക് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.