മുംബൈ: പ്രമുഖ മൊബൈല്‍ ഗ്രൂപ്പായ വോഡഫോണും ടെക് മഹീന്ദ്രയും തമ്മില്‍ പുതിയ കരാറിന് ധാരണയായതായി റിപ്പോര്‍ട്ട്. ഖത്തറില്‍ വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

വോഡഫോണിന്റെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ടെക്മഹീന്ദ്രയായിരിക്കും ചുക്കാന്‍ പിടിക്കുക. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാനേജ്‌മെന്റ് അടക്കമുള്ള ചുമതലകള്‍ കരാറിന്റെ ഭാഗമായി ടെക് മഹീന്ദ്രക്ക് നിര്‍വ്വഹിക്കേണ്ടിവരും.

എന്നാല്‍ എത്ര തുകയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്ന് കമ്പനിവൃത്തങ്ങള്‍ വ്യക്തമായിട്ടില്ല. വോഡഫോണുമായി കരാറിലേര്‍പ്പെടാന്‍ ഐ.ബി.എം രംഗത്തുണ്ടായിരുന്നു. ഐ.ബി.എമ്മിനെ കടത്തിവെട്ടിയാണ് ടെക് മഹീന്ദ്രയ്ക്ക് കരാര്‍ ലഭിച്ചത്.

അതിനിടെ കരാര്‍ വാര്‍ത്ത വന്നതോടെ ടെക്മഹീന്ദ്രയുടെ ഓഹരികള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. സെന്‍സെക്‌സിന്റെ തുടക്കവ്യാപാരത്തില്‍ കമ്പനി ഷെയറുകള്‍ 682.70 രൂപയ്ക്കാണ് വിറ്റഴിച്ചത്.