കൊളംബോ: ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീം പക്വതയാര്‍ന്ന പ്രകടനമാവും കാഴ്ചവെയ്ക്കുകയെന്ന് മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ.

അടുത്തിടെ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലേറ്റ തോല്‍വിയില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതില്‍ നിന്നും കരകയറാനാവും ടീമിന്റെ ഇനിയുള്ള ശ്രമമെന്നും രോഹിത് പറഞ്ഞു.

Ads By Google

‘ഭാഗ്യനിര്‍ഭാഗ്യങ്ങളാണ് ഒരു പരിധി വരെ ടീമിന്റെ വിജയത്തെ സ്വാധീനിക്കുന്നത്. എന്നാല്‍ മികച്ച രീതിയില്‍ ഉള്ള പ്രകടനം താരങ്ങള്‍ക്ക് നഷ്ടമാകുന്നത് തന്നെയാണ് തോല്‍വിക്ക് പ്രധാനകാരണമാകുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഞങ്ങളുടെ ആദ്യമത്സരത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.

കളിയെ സംബന്ധിച്ച് തുടക്കം നന്നായാല്‍ മാത്രമേ പിന്നീടങ്ങോട്ട് കളിക്കാന്‍ സാധിക്കുകയുള്ളു. ആദ്യസെഷനില്‍ ബാറ്റ് ചെയ്യുന്നവര്‍ക്കാണ് അതിന്റെ പൂര്‍ണ ഉത്തരവാദിത്തം.

നല്ല തുടക്കം ലഭിച്ചാല്‍ പിന്നെ അതിനനുസരിച്ച് ടീമിനെ കൊണ്ടുപോകാന്‍ പിന്നാലെ വരുന്നവര്‍ക്ക് കഴിയും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇനി വരാനുള്ളത് നല്ല റിസല്‍ട്ട് ആയിരിക്കുമെന്ന് വിശ്വാസമുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ കുറച്ചുകൂടി മെച്ചപ്പെട്ടതായി തോന്നിയിട്ടുണ്ട്. അങ്ങനെ തന്നെയായിരിക്കും എല്ലാ താരങ്ങളും. രാജ്യത്തിനായി കപ്പ് നേടണം. അതാണ് ഏറ്റവും വലിയ ലക്ഷ്യം’- രോഹിത് പറഞ്ഞു.