മനുഷ്യത്വമില്ലാതെ കോടതി വിധി നടപ്പിലാക്കപ്പെട്ടപ്പോള്‍ രോഗിയായ ആ അമ്മയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളും തെരുവിലായി. പടിയിറക്കപ്പെട്ട ഉറ്റവരില്ലാത്ത ആ കുടുംബത്തിന് ടേക്ക് ഓഫ് ടീം കൈത്താങ്ങായി. ചിത്രത്തിന്റെ വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം ഈ കുടുംബത്തിന് നല്‍കാനാണ് ടീമിന്റെ തീരുമാനം.

സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മാതാവ് ആന്റോ ജോസഫും ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ പാര്‍വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. ഇതിന്റെ ആദ്യ പടിയായി അഞ്ച് ലക്ഷം രൂപ നല്‍കും.

കുടുംബസ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ബബിത ഷാനവാസിനേയും മകള്‍ സൈബ ഷാനവാസിനേയും അവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് പുറത്താക്കിയത്. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം ഈ ഒറ്റമുറി വീട്ടിലായിരുന്നു ബബിതയും മകളും താമസിച്ചിരുന്നത്. ഭര്‍തൃമാതാവ് വീടും ഒരു സെന്റ് സ്ഥലവും മറ്റൊരു മകന് എഴുതിക്കൊടുക്കുകയായിരുന്നു.

ഗര്‍ഭ പാത്രത്തിലെ മുഴയെത്തുടര്‍ന്ന ചികിത്സയില്‍ കഴിയുകയാണ് ബബിത. ഡോക്ടറുടെ നിര്‍ദേശത്തേത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കിടക്കയോടെ പുറത്തിറക്കി കിടത്തുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൈബയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും പുറത്തിറക്കി.


Also Read: മകന്‍ മാനസികമായി പീഡിപ്പിക്കുന്നു; ഭക്ഷണവും മരുന്നും സമയത്ത് നല്‍കുന്നില്ല; പരാതിയുമായി നടി മീനാ ഗണേഷ്


എഡിറ്റര്‍ മഹേഷ് നാരായണന്‍ രചനയും സംവിധാനവും ചെയ്യുന്ന ടേക്ക് ഓഫ് വെള്ളിയാഴ്ച തിയറ്ററിലെത്തും. സംവിധായകന്‍ രാജേഷ് പിള്ളയ്ക്കുള്ള ആദരസൂചകമായാണ് പുറത്തിറക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു. ചിത്രത്തിന്‍ പ്രതിഫലം വാങ്ങാതെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരിക്കുന്നത്.

ഇറാഖിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിപ്പോകുന്ന ഇന്ത്യന്‍ നേഴ്‌സുമാരുടെ കഥ പറയുന്ന സിനിമയാണ് ടേക്ക് ഓഫ്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്നു. ആസിഫ് അലിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു.