എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ
എഡിറ്റര്‍
Monday 24th June 2013 11:36am

champion

ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് നാടകീയ വിജയം. മഴമൂലം വൈകി തുടങ്ങുകയും 20 ഓവറാക്കി ചുരുക്കുകയും ചെയ്ത ഫൈനലില്‍  ഇന്ത്യ വെന്നിക്കൊടി പാറിച്ചത് എതിരാളികളേയും ആരാധകരേയും ഞെട്ടിച്ച്.

അഞ്ച് റണ്‍സിനാണ് എതിരാളികളായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടുന്നത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് ഇന്ത്യ നേടിയത്.

Ads By Google

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 124 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ബാറ്റിങ്ങില്‍ ഇന്ത്യ അല്‍പ്പം പുറകോട്ട് പോയെങ്കിലും ബൗളിങ്ങില്‍ മികവ് പ്രകടിപ്പിച്ചതാണ് വിജയത്തിന് കാരണം.

വിരാട് കോലി (43), ശിഖര്‍ ധവാന്‍ (31), രവീന്ദ്ര ജഡേജ (33 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി അല്‍പ്പനേരമെങ്കിലും ബാറ്റേന്തിയത്. ഇന്നിങ്‌സില്‍ 33 റണ്‍സും രണ്ട് വിക്കറ്റും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. കൂടുതല്‍ വിക്കറ്റ് നേടിയതിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും ജഡേജയ്ക്ക് തന്നെയാണ്.

രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 363 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഗോള്‍ഡന്‍ ബാറ്റ് പുരസ്‌കാരം. തനിക്ക് ലഭിച്ച പുരസ്‌കാരം ഉത്തരാണ്ഡിലെ പ്രളയബാധിതര്‍ക്കു സമര്‍പ്പിക്കുന്നതായി ശിഖര്‍ ധവാന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടത്തോടെ ഐ.സി.സി.യുടെ മൂന്ന് ടൂര്‍ണമെന്റുകളും നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ബഹുമതി ധോണിക്ക് സ്വന്തമായി. 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ധോണിയുടെ ചിറകിലായിരുന്നു ഇന്ത്യ നേടിയത്.

Advertisement