എഡിറ്റര്‍
എഡിറ്റര്‍
ഡി.ആര്‍.എസ് വിവാദം കൊഴുക്കുന്നു; നടപടി ആവശ്യപ്പെട്ട് ഇന്ത്യ മാച്ച് റഫറിയ്ക്ക് അരികില്‍; സ്മിത്തിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും
എഡിറ്റര്‍
Wednesday 8th March 2017 4:46pm

ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ആവേശകരമായ വിജയത്തിന്റെ മാറ്റു കുറയ്ക്കുകയാണ് ഡി.ആര്‍.എസ് വിവാദം. സംഭവത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടീം ഇന്ത്യ ഐ.സി.സി മാച്ച് റഫറിയെ സമീപിച്ചിരിക്കുകയാണ്.48 മണിക്കൂറിനുള്ളില്‍ പരാതിയിന്‍ മേല്‍ മാച്ച് റഫറിയായ ക്രിസ് ബോര്‍ഡിന്റെ മറുപടി ലഭിക്കും.

ഇന്നലെ മത്സരത്തിനിടെ ഔട്ടായ സ്മിത്ത് ഡി.ആര്‍.എസിന് വിളിക്കണമോ എന്ന് ഡ്രസിംഗ് റൂമിലിരിക്കുന്നവരോട് ചോദിച്ചതാണ് വിവാദമായത്. സ്മിത്തിനെതിരെ വിവിദ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ടീം ഇന്ത്യ മാച്ച് റഫറിയെ സമീപിച്ചത്.

മുന്‍ ഓസീസ് താരങ്ങളടക്കം സ്മിത്തിനെതിരെ രംഗത്ത് വന്നിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സ്മിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഡി.ആര്‍.എസ് ചോദിക്കുന്നതിന് മുമ്പായി ഡ്രസിംഗ് റൂമിനോട് ആരായുന്നത് നേരത്തേയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇരിക്കല്‍ മാത്രമാണെങ്കില്‍ അബദ്ധമാണെന്നു പറയാം പക്ഷെ മൂന്ന് ദിവസമായി ആവര്‍ത്തിക്കുന്നതാണ് കണ്ടതെന്നായിരുന്നു വിരാടിന്റെ പ്രതികരണം.

മുന്‍ ഓസീസ് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റും മൈക്കില്‍ ക്ലര്‍ക്കും സ്മിത്തിനെതിരെ രംഗത്തു വന്നിരുന്നു. പാളയത്തില്‍ പട പുറപ്പെട്ടതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു. സ്മിത്തിന്റെ പ്രവര്‍ത്തിയില്‍ ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വിവാദത്തില്‍ സ്മിത്തിനൊപ്പം നിലകൊളളുമെന്നുമായിരുന്നു ്ക്രിക്കറ്റ് ഓസ്‌ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലാന്‍ഡിന്റെ പ്രതികരണം.


Also Read: ‘വേലിതന്നെ വിളവു തിന്നുകയാണ്’;ബാര്‍കോഴക്കേസിലെ ഇരട്ട സത്യവാങ്മൂലത്തിനെതിരെ വി.എസ്


ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു സ്മിത്തിന്റെ വിവാദമായ പുറത്താകല്‍. ഉമേഷ് യാദവിന്റെ പന്തില്‍ സ്മിത്ത് എല്‍.ബി.ഡബ്ല്യൂ ആവുകയായിരുന്നു. എന്നാല്‍ ഡി.ആര്‍.എസിന് പോകണമോ എന്ന് ഡ്രസിംഗ് റൂമിനോട് സ്മിത്ത് ആരായുകയായിരുന്നു. ഇതേ തുടര്‍ന്ന് രോക്ഷാകുലനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അമ്പയറെ സ്മിത്തിന്റെ ആക്ഷന്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു.

Advertisement