മുംബൈ: ബംഗ്ലാദേശിലെ ധാക്കയില്‍ ഈ മാസം 17 ാം തിയ്യതി നടക്കുന്ന 11 ാമത് ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം ഒരുങ്ങി. ഇന്നു രാവിലെയാണ് ധോണിയും കൂട്ടരും ധാക്കയിലേക്ക് പുറപ്പെട്ടത്. തുടര്‍ച്ചയായ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഏഷ്യാകപ്പിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 0- 4 ന് ഇന്ത്യയ്ക്ക് അടിയറവുപറയേണ്ടി വന്നിരുന്നു. ആ തോല്‍വിയുടെ ക്ഷീണം മാറണമെങ്കില്‍ ഏഷ്യാകപ്പിലെ വിജയം അനിവാര്യമാണ്. അഞ്ചുതവണ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ചരിത്രം ഇന്ത്യയ്ക്കുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇത്തവണയും കപ്പ് സ്വന്തമാക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം.

ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യമത്സരം നാളെയാണ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ടീം കപ്പ് നേടിയത്. ഈ മാസം 13ാം തിയ്യതി ഷേറിബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ ടീമുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.

മാര്‍ച്ച് 18 ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന എതിരാളികളായ പാക്കിസ്ഥാനെയാണ് നേരിടേണ്ടത്. കഴിഞ്ഞവര്‍ഷത്തെ വേള്‍ഡ് കപ്പ് സെമിഫൈനല്‍ മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ആ മത്സരത്തില്‍ പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ കപ്പ് നേടിയിരുന്നു.

ടീം ഇന്ത്യ: മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‌ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, പ്രവീണ്‍കുമാര്‍, വിനയ് കുമാര്‍, രാഹുല്‍ ശര്‍മ, യൂസഫ് പത്താന്‍, മനോജ് തിവാരി, ഇര്‍ഫാന്‍ പത്താന്‍, അശോക് ദിന്‍ത.

Malayalam news

Kerala news in English