ന്യൂദല്‍ഹി : ജന്‍ ലോക്പാല്‍ ബില്ലിനായി രൂപീകരിച്ച ഹസാരെ സംഘം പിരിച്ചുവിട്ടതായി നേതാവ് അണ്ണാ ഹസാരെ. തന്റെ ബ്ലോഗിലൂടെയാണ് ഹസാരെ ഇക്കാര്യം അറിയിച്ചത്. ലോക്പാല്‍ ബില്‍ സംബന്ധിച്ച് ഇനി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് പറഞ്ഞാണ് ഹസാരെ സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഇനിമുതല്‍ ഹസാരെ സംഘമോ കോര്‍കമ്മിറ്റിയോ നിലവിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ എത്രകാലം നിരാഹാര സമരവുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ഹസാരെ ചോദിക്കുന്നത്. നിരാഹാര സമരം അവസാനിപ്പിച്ച് അഴിമതി തടയാന്‍ ബദല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് സംഘം പിരിച്ചുവിട്ടതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

2011 ഏപ്രിലിലാണ് അഴിമതിക്കെതിരായി ജന്‍ ലോക്പാല്‍ ബില്‍ ആവശ്യവുമായി ഹസാരെയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സമരം ആരംഭിച്ചത്. വന്‍ ജനശ്രദ്ധയാകര്‍ഷിച്ച സമരത്തിന് യുവാക്കളുള്‍പ്പെടെ നിരവധിപേര്‍ പിന്തുണയുമായെത്തിയിരുന്നു.