എഡിറ്റര്‍
എഡിറ്റര്‍
ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മലകയറിയപ്പോള്‍ ഓസീസ് താരങ്ങള്‍ ഈ മിടുക്കികള്‍ക്കൊപ്പമായിരുന്നു
എഡിറ്റര്‍
Wednesday 15th March 2017 12:44pm

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള ഇടവേളയില്‍ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മലകയറിയപ്പോള്‍ എല്ലാവരും ചോദിച്ചത് എവിടെയാണ് ഓസീസ് ടീമെന്നായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമിതാ.

മത്സരത്തിന്റെ ചൂടില്‍ നിന്നും ഓസീസ് താരങ്ങള്‍ ഓടിയൊളിച്ചത് ഝാര്‍ഖണ്ഡിലെ ‘യുവ’യിലായിരുന്നു. റാഞ്ചിയിലെ ഒരു എന്‍.ജി.ഒ ആണ് യുവ. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോളടക്കമുള്ള ടീം ഗെയിമുകളില്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്ന സംഘടനായാണ് യുവ.

യുവയിലെ മിടുക്കികള്‍ക്കൊപ്പമായിരുന്നു ഓസീസ് താരങ്ങള്‍ തങ്ങളുടെ ഇടവേള ആഘോഷിച്ചത്. സ്‌പോര്‍ടസിലൂടെ ടീം സ്പിരിറ്റും ആരോഗ്യകരമായ മത്സര ബുദ്ധിയും പെണ്‍കുട്ടികള്‍ക്ക് പകരുകയാണ് യുവ. ഈ സ്ഥാപനത്തിലെ മിക്കവാറും പെണ്‍കുട്ടികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്.

പെണ്‍കുട്ടികള്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കിട്ടും അവരുടെ കഥകളും കുറുമ്പുകളും ആസ്വദിച്ചുമായിരുന്നു ഓസീസ് താരങ്ങള്‍ യുവയിലെ പകല്‍ ചിലവിട്ടത്. പലര്‍ക്കും പറയാനുണ്ടായിരുന്നത് പോരാട്ട വിജയത്തിന്റെ കഥകളായിരുന്നു.

ഫുട്‌ബോളാണ് യുവയിലെ പ്രധാന കായിക ഇനം. അതുകൊണ്ടു തന്നെ യുവയിലെത്തിയിട്ട് ഫുട്‌ബോള്‍ കളിക്കാതെ ഓസീസുകാരെ വിടാന്‍ അവര്‍ തയ്യാറിയിരുന്നില്ല. താരങ്ങളും യുവയിലെ മിടുക്കികളും ടീമുകളായി തിരിഞ്ഞ് ഫുള്‍ബോളും കളിച്ചു.

81 പെണ്‍കുട്ടികളാണ് ഇപ്പോള്‍ യുവയില്‍ പരിശീലനം നേടുന്നത്. യുവയുടേയും ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്റേയും ആഭിമുഖ്യത്തിലായിരുന്നു ഇന്ററാക്ഷന്‍ പരിപാടി സംഘടിപ്പിച്ചത്.

Advertisement