ന്യൂദല്‍ഹി: അണ്ണാ ഹസാരെ ഇന്ന് രാവിലെ 10 മണിമുതല്‍ നിരാഹാരസമരം തുടങ്ങിയതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസാരെയ്‌ക്കെതിരായുള്ള പോലീസ് നടപടികളോട് പ്രതികരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാളെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് പോകാതെ പ്രതിഷേധിക്കും. അറസ്റ്റിനെതിരെ നാളെ വൈകുന്നേരം ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം അരങ്ങേറും. ഇന്ന് വൈകുന്നേരം പ്രഗതി മൈതാനത്തില്‍ നിന്നും ജെ.പി പാര്‍ക്കിലേക്ക് റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷ് ഭരണം എന്നതുപോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. പോലീസ് നടപടിയ്‌ക്കെതിരെ യുവാക്കളടക്കം രാജ്യത്തെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തും. ഇവരെ പോലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ അറിയിച്ചിരുന്നു. ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

സര്‍ക്കാരിനെതിരെ അണിനിരക്കേണ്ട സമയം വന്നിരിക്കുകയാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ ജനങ്ങളെ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.പി പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ആഹ്വാനം ചെയ്ത ഹസാരെയും കൂട്ടാളികളായ അരവിന്ദ് കജ്‌രിവാള്‍, കിരണ്‍ബേദി, ശാന്തി ഭൂഷണ്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്താനുള്ള ഹസാരെയുടെ നീക്കത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.