ന്യൂദല്‍ഹി: അണ്ണാ ഹസാരെ ആര്‍.എസ്.എസ് ഏജന്റാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരെ ഹസാരെ ടീം തിരിച്ചടിക്കുന്നു. ആര്‍.എസ്.എസ്. നേതാവ് നാനാജി ദേശ്മുഖിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഹസാരെ സംഘാംഗങ്ങള്‍ പുറത്തുവിട്ടു.

അണ്ണാ ഹസാരെയും നനാജി ദേശ്മുഖും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഉദ്ധരിച്ച് ഹസാരെ ആര്‍.എസ്.എസ് നേതാവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗും ദേശ്മുഖും നില്‍ക്കുന്ന ഫോട്ടോഗ്രാഫുകള്‍ കൊണ്ട് ഹസാരെ സംഘം തിരിച്ചടിക്കുകയായിരുന്നു. ഒരുമിച്ച് ഫോട്ടോയെടുത്തു എന്നതിന് ഒരേആശയം പിന്‍തുടരുന്നുവെന്നര്‍ത്ഥമുണ്ടെങ്കില്‍ കോണ്‍ഗ്രസിനും ആര്‍.എസ്.എസുമായി പങ്കുണ്ടെന്ന് പറയേണ്ടിവരുമെന്നാണ് ഹസാരെ സംഘം വാദിക്കുന്നത്.

ജയില്‍നിറക്കല്‍ സമരത്തിനുമുന്നോടിയായി നടക്കുന്ന ത്രിദിന നിരാഹാരസമരത്തിനായി മുംബൈയിലെത്തിയിരിക്കുകയാണ് ഹസാരെയിപ്പോള്‍. അതിനിടെ, അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ക്യാമ്പെയ്ന്‍ നടത്താനുള്ള ഹസാരെ സംഘാംഗങ്ങളുടെ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാണ്. ഹസാരെയുടെ സമരത്തിന് രാഷ്ട്രീയനിറം കൈവരുകയാണെന്ന ആരോപണം ഉയരുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.വൈ ഖുറേഷി പറഞ്ഞു.

Malayalam News

Kerala News in English