ന്യൂദല്‍ഹി: ഹസാരെ സംഘത്തില്‍ നിന്നും പ്രശാന്ത് ഭൂഷണെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി സൂചന. കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ അനുവദിക്കണമെന്ന് പരസ്യപ്രസ്താവന നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് പുറത്താക്കാന്‍ നീക്കം നടത്തുന്നത്. തന്റെ സംഘത്തില്‍ പ്രശാന്ത് ഭൂഷണ്‍ തുടരുമെന്ന ആദ്യനിലപാടില്‍ നിന്ന് ഹസാരെ മാറിയിരിക്കുകയാണ്. ‘രാജ്യത്തെ വിഘടനവാദം ഉയര്‍ത്തുന്ന ഏതു പ്രസ്താവനക്കും ഞാന്‍ എതിരാണ്. പ്രശാന്ത് ഭൂഷണ്‍ അങ്ങനെ പറഞ്ഞത് നിര്‍ഭാഗ്യകരമാണ്. എന്റെ സംഘത്തില്‍ ഭൂഷണ്‍ തുടരുന്നത് സംബന്ധിച്ച് കോര്‍ കമ്മിറ്റി തീരുമാനിക്കും’ എന്ന് ഹസാരെ പറഞ്ഞു കഴിഞ്ഞു. ഇതോടെ പ്രശാന്ത് ഭൂഷണ്‍ പടിക്കു പുറത്താകുന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

എന്തു വില കൊടുത്തും പ്രശാന്ത് ഭൂഷണെ സംഘത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഹസാരെക്കു മേല്‍ സമ്മര്‍ദം ശക്തമാണ്. ആഭ്യന്തര ഭിന്നത ശക്തമായതിനെ തുടര്‍ന്നാണ് ഹസാരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മൗനവ്രതം ആരംഭിച്ചതെന്ന് ആക്ഷേപം ഉണ്ട്.

കശ്മീര്‍ ജനതയെ കൂടെ നിര്‍ത്താന്‍ എല്ലാ നീക്കങ്ങളും വേണമെന്നും അതിനു കഴിയാതെ വന്നാല്‍ ഹിതപരിശോധനയിലൂടെ ജനാഭിലാഷം അംഗീകരിക്കാന്‍ തയാറാകണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഹിതപരിശോധനാ വാദം പ്രശാന്ത് ഭൂഷണിന്റെ മാത്രം നിലപാടാണെന്നുമാണ് ഹസാരെ ഇതോനോട് പ്രതികരിച്ചത്.

ഹസാരെ സംഘത്തില്‍ ഇപ്പോള്‍ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുന്നുണ്ട്. ഹരിയാനയിലെ ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പരസ്യപ്രചാരണത്തിന് രംഗത്തിറങ്ങിയ നടപടി ശരിയായില്ലെന്ന് ഹസാരെ സംഘത്തിലെ സന്തോഷ് ഹെഗ്‌ഡെ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ഹസാരെ സംഘത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും സവര്‍ണ താല്‍പര്യങ്ങള്‍ മാത്രമാണ് അതിനെ നയിക്കുന്നതെന്നും മുന്‍ അംഗം സ്വാമി അഗ്‌നിവേശ് പറഞ്ഞു. ഹസാരെയുടേത് ബ്രാഹ്മണവാദമാണ്. ഹസാരെയുടെ തീരുമാനങ്ങളൊന്നും ജനാധിപത്യപരമല്ല. ഹിസാറില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനും കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മണ്ഡലത്തില്‍ ഹിതപരിശോധന നടത്തുന്നതിനും തീരുമാനമെടുത്തത് കോര്‍ കമ്മിറ്റിയില്‍ ആലോചിക്കാതെയാണ്. ഹസാരെയുടെ സമരവേദികളില്‍ ദലിതരെയോ മുസ്ലിംകളെയോ കാണാനാവില്ലെന്നും സമരത്തിന് സവര്‍ണമുഖമാണെന്നും അഗ്‌നിവേശ് ആരോപിക്കുന്നു.