ന്യൂദല്‍ഹി: ലോക്പാല്‍വിഷയത്തില്‍ പരിഹാരമുണ്ടാകാത്തതിന് കാരണം കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹമെന്ന് അരവിന്ദ് കെജ്‌റിവാള്‍. കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തണോയെന്ന് ഇന്ന് 12 മണിക്ക് നിശ്ചയിച്ചിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും കെജ്‌റിവാള്‍ വ്യക്തമാക്കി.

ലോക്പാലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം സമവായത്തിലെത്താതെ പിരിയുകയായിരുന്നു. ജന്‍ലോക്പാല്‍ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹസാരെ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷിയോഗം അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ഹസാരെ വഴങ്ങിയിരുന്നില്ല. ചര്‍ച്ചകള്‍ തുടരുമ്പോഴും ഏഴു കാര്യങ്ങളില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസം തുടരുകയാണ്. അതിനിടെ ഇപ്പോള്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലുള്ള ലോക്പാല്‍ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച ഹസാരെയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കാക്കിയേക്കുമെന്നും സൂചനയുണ്ട്. ജയിലില്‍ പോകുന്നത് അലങ്കാരമാണെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലീസിനെ തടയേണ്ടെന്നും ഹസാരെ അനുയായികളോട് പറഞ്ഞു. സര്‍ക്കാര്‍ അക്രമമാണ് ആഗ്രഹിക്കുന്നത് എന്നും എന്നാല്‍ ജനങ്ങള്‍ അക്രമം കാണിക്കരുതെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സംയമനം പാലിക്കണമെന്നും ഹസാരെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു.