എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രി ശിഖണ്ഡിയെന്ന പ്രയോഗം: അരവിന്ദ് കെജ്‌രിവാള്‍ മാപ്പു പറഞ്ഞു
എഡിറ്റര്‍
Thursday 31st May 2012 3:13am

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശിഖണ്ഡിയാണെന്ന പരാമര്‍ശം നടത്തിയതിന് ഹസാരെ സംഘം മാപ്പു പറഞ്ഞു. ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാളാണ് ശിഖണ്ഡി പ്രയോഗത്തിന് മാപ്പു പറഞ്ഞത്.

കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ശിഖണ്ഡിയായാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞദിവസം ഹസാരെ സംഘാംഗമായ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് സംഘാംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്നും അതിനാല്‍ ആ പ്രയോഗം പിന്‍വലിച്ച് മാപ്പുപറയുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഹസാരെ സംഘാംഗം ആവര്‍ത്തിച്ചു. മന്ത്രിമാര്‍ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെവച്ച് അന്വേഷണം നടത്തണമെന്നാവസ്യപ്പെട്ട് ഹസാരെ ടീം അംഗങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണാബ് മുഖര്‍ജിയും വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടാനായി സി.എ.ജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കത്തിനൊപ്പം വച്ചിട്ടുണ്ടായിരുന്നു.

സമീപകാലത്ത് സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കല്‍ക്കരി അഴിമതിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ ഉന്നയിച്ചിട്ടുള്ളത്. 2006 നവംബര്‍ മുതല്‍ 2009 മെയ് വരെ കല്‍ക്കരി വകുപ്പിന്റെ ചുമതല കൂടി മന്‍മോഹന്‍ സിങ് വഹിച്ചിരുന്നു. ഇക്കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായി ക്രമക്കേട് നടന്നു. അതുവരെ വര്‍ഷത്തില്‍ മൂന്നോ നാലോ കല്‍ക്കരി ബ്ലോക്കുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരുന്നതെങ്കില്‍ മന്‍മോഹന്‍ സിങ് ചുമതല വഹിച്ച സമയത്ത് 2224 ബ്ലോക്കുകള്‍ അനുവദിച്ചു. ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭകോണമാണ് ഇതില്‍ നടന്നിട്ടുള്ളതെന്നും ഹസാരെ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നായിരുന്നു ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.
Malayalam news

Kerala news in English

Advertisement