തിരുവനന്തപുരം: ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപകരും നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്കിന്റെ സാഹചര്യത്തില്‍  സംസ്ഥാന സ്‌കൂള്‍ കലോത്സവ ചുതലകളില്‍ മാറ്റം വരുത്തുന്നു.

Ads By Google

ഭക്ഷണ കമ്മറ്റിയുടെ ചുമതല മലപ്പുറം നഗരസഭയ്ക്ക് കൈമാറി. മലപ്പുറം നഗരസഭ ഇത് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് ക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയ്ക്കായിരുന്നു ഭക്ഷണ കമ്മറ്റിയുടെ ചുമതല.

കലോത്സവ ചുമതലകളില്‍ നിന്നും അധ്യാപകര്‍ വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അറിയിച്ചു. കലോത്സവ ചുമതലകളുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് അവസാന വട്ട ചര്‍ച്ച നടത്തും.

കലോത്സവ നടത്തിപ്പ് ചിട്ടപ്പെടുത്തുന്നതിന് പ്രോഗ്രാം കമ്മിറ്റി അന്തിമ രൂപം നല്‍കി. ഇന്നലെ പ്രോഗ്രാം ഓഫിഷ്യലുകള്‍ക്ക് പരിശീലനം നല്‍കി.

60 സ്റ്റേജ് മാനേജര്‍, 60 അസിസ്റ്റന്റ് സ്റ്റേജ് മാനേജര്‍മാര്‍, 60 അനൗണ്‍സര്‍മാര്‍, 60 ടൈംകീപ്പര്‍മാര്‍, 120 ലോട്ട് ആന്‍ഡ് കോഡ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥിനികളുടെ ക്ഷേമത്തിനു 50 അധ്യാപികമാര്‍, ഓരോയിനങ്ങളും 17 വേദികളിലുമായി അഞ്ചുവീതം റിസര്‍വ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇന്നലെ പരിശീലനം നല്‍കിയത്.

370 പേര്‍ ഉള്‍പ്പെട്ട ടാസ്‌ക്‌ഫോഴ്‌സും നിലവില്‍ വന്നു. 14ന് രാവിലെ എട്ടിനു ഇവ പ്രവര്‍ത്തനനിരതമാവും. എല്ലാവര്‍ക്കും ഫോട്ടോപതിച്ച തിരിച്ചറിയല്‍കാര്‍ഡ് വിതരണം ചെയ്തു. ഫോട്ടോ ഐഡി ധരിച്ചവര്‍ക്കുമാത്രമേ സ്‌റ്റേജിലേക്കു പ്രവേശനം അനുവദിക്കൂ.

സ്റ്റേജിലെ മുഴുവന്‍ ഉത്തരവാദിത്വവും മാനേജറില്‍ നിക്ഷിപ്തമായിരിക്കും.ഡ്യൂട്ടികള്‍ സംബന്ധിച്ച് ഓരോ വിഭാഗത്തിനും ഇനംതിരിച്ചായിരുന്നു പരിശീലനം. പ്രോഗ്രാംകമ്മിറ്റി പ്രിന്റ് ചെയ്ത നിര്‍ദേശങ്ങളും നല്‍കി.

ക്രൈസിസ് മാനേജ് ചെയ്യുന്നതിനും പ്രത്യേക കര്‍മസമിതി തയാറാക്കി. സമയബന്ധിതമായി മത്സരങ്ങള്‍ തീര്‍ക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ക്രമീകരണങ്ങള്‍ക്കു പ്രോഗ്രാം മാനേജ്‌മെന്റ് കമ്മിറ്റിയ്ക്കും ചുമതല നല്‍കി. 14ന് വൈകുന്നേരം അഞ്ചരക്ക് മത്സരങ്ങള്‍ ആരംഭിക്കും.